'സ്നേഹസ്പര്‍ശം' ചികിത്സാ സഹായപദ്ധതി വന്‍ വിജയമായി
Tuesday, May 31, 2016 4:59 AM IST
കുവൈത്ത്: സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഏറ്റെടുത്ത് നടത്തിയ 'സ്നേഹസ്പര്‍ശം' ചികിത്സാ സഹായ പദ്ധതി വന്‍ വിജയമായി. പരിപാടിയിലൂടെ സമാഹരിച്ച 20 ലക്ഷം രൂപ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തതായി ഇടവക ചുമതലക്കാര്‍ അറിയിച്ചു.

ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിനു നടത്തിയ 'പെപ്പോണി' (ജലുീിശ) എന്ന സംഗീത സന്ധ്യയിലൂടെയാണ് തുക സമാഹരണം നടത്തിയത്. ഇതുവരെ 44 രോഗികള്‍ക്കായി 50000 രൂപ വീതം 35 പേര്‍ക്കും, 25,000 രൂപ വീതം അഞ്ചുപേര്‍ക്കും, ബാക്കി തുക 15,000, 10,000 വീതവും നല്‍കുകയുണ്ടായി.

ഇടവക വികാരി അധ്യക്ഷത വഹിച്ച വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ജോണ്‍സി സാമുവേല്‍, സെക്രട്ടറി ബൈജു ജോസ്, ജനറല്‍ കണ്‍വീനര്‍ ജോണ്‍ ഏബ്രഹാം, ജോയിന്റ് കണ്‍വീനര്‍മാരായ സോഫി ജോണ്‍, വിനീത് പി. മാത്യു എന്നിവരും ട്രസ്റിമാരായ ജോജി സ്കറിയ, അലക്സ് വര്‍ഗീസ്, അത്മായ ശുശ്രൂഷകരായ മത്തായി പാപ്പച്ചന്‍, സുരേഷ് ടി ഐസക് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍