കോട്ടയം ക്ളബ് പിക്നിക് വന്‍ വിജയമായി
Tuesday, May 31, 2016 4:58 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ പ്രധാന പ്രവാസി സംഘടനകളിലൊന്നായ കോട്ടയം ക്ളബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പിക്നിക് മേയ് 21-നു ഹൂസ്റണിലെ മിസൌറി സിറ്റിയിലുളള ഗ്ളെന്‍ ലേക്ക് കമ്യൂണിറ്റി പാര്‍ക്കില്‍ നടന്നു.

കോട്ടയം ജില്ലയില്‍നിന്നുളളവരുടെ കൂട്ടായ്മയാണ് കോട്ടയം ക്ളബ്. വൈവിധ്യമാര്‍ന്ന കായിക- വിനോദ പരിപാടികള്‍ കൊണ്ടു ശ്രദ്ധേയമായ പിക്നിക് രാവിലെ 10.30-നു പ്രാര്‍ഥനയോടെ ആരംഭിച്ചു. പ്രസിഡന്റ് എസ്. കെ. ചെറിയാന്‍ ഔപചാരിക ഉദ്ഘാടനം നടത്തി.

പ്രായഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കത്തക്ക വിധത്തില്‍ നിരവധി പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരുന്നത്. വടംവലി മത്സരം, ബാഡ്മിന്റണ്‍, ഫിഷിങ് തുടങ്ങി വിവിധ ഇനങ്ങള്‍ പിക്നികിനു മാറ്റുകൂട്ടി.

പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും വിവിധ തരത്തിലുളള ലഘുഭക്ഷണവും പിക്നിക്കിന്റെ പ്രത്യേകതയായിരുന്നു. ഒരേ നാട്ടില്‍ ജനിച്ചു വളര്‍ന്നവര്‍ ഒന്നിച്ചു ചേര്‍ന്നു സൌഹൃദം പങ്കുവയ്ക്കാനും പരിചയം പുതുക്കാനും ലഭിച്ച അവസരമായിരുന്നു എന്നു ഈ പിക്നിക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ബിബിന്‍ കൊടുവത്ത്, ഏബ്രഹാം കുര്യാക്കോസ് (ബെന്നി) ഷിബു കെ. മാണി, ഷാജി കെ. യോഹന്നാന്‍, മോന്‍സി കുര്യാക്കോസ്, മാത്യു കെ. ചെറിയാന്‍ (രാജന്‍) തുടങ്ങിയവര്‍ പിക്നിക്കിനു നേതൃത്വം നല്‍കി. നാല് മണിയോടുകൂടി പരിപാടികള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി