നാലു വയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ചു കൊന്നു
Monday, May 30, 2016 7:11 AM IST
സിന്‍സിയാറ്റി: ഗൊറില്ലയുടെ താവളത്തില്‍ അബദ്ധവശത്താല്‍ വീണ നാലു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഗൊറില്ലയെ വെടിവച്ചു കൊല്ലേണ്ടി വന്നതായി മൃഗശാല ഡയറക്ടര്‍ തയ്ന്‍ മെയ്നാര്‍ഡ് അറിയിച്ചു.

മേയ് 28നായിരുന്നു സംഭവം. നാനൂറു പൌണ്ട് തൂക്കവും പതിനേഴ് വയസ് പ്രായമുളള ഗൊറില്ലയെ സൂക്ഷിച്ചിരുന്ന വെളളം നിറഞ്ഞ താഴ്ന്ന പ്രദേശത്തിനു മുകളില്‍ ചുറ്റും കെട്ടിയിട്ടിരുന്ന കമ്പിവേലിക്കടിയിലൂടെ അബദ്ധത്തില്‍ നാല് വയസുകാരന്‍ താഴേക്ക് വീഴുകയായിരുന്നു. മുകളില്‍ ജനങ്ങള്‍ ലഹളയുണ്ടാക്കിയതിനെ തുടര്‍ന്നു വെളളത്തിലൂടെ ഏകദേശം പത്ത് മിനിറ്റോളം കുട്ടിയെ വലിച്ചു കൊണ്ടുപോകുന്നത് മാതാവ് ഉള്‍പ്പെടെയുളളവര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുളളൂ.

ഗൊറില്ല പ്രകോപിതനാകുന്നതിനുളള സാധ്യതകള്‍ കണക്കിലെടുത്ത് മയക്കു മരുന്നു വെടിവയ്ക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും അതു കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ പിന്നീട് വെടിവച്ചു കൊല്ലുന്നതിന് ഉത്തരവിടുകയായിരുന്നു. വെടിവയ്ക്കുന്ന സമയം കുട്ടി ഗൊറില്ലയുടെ രണ്ട് കാലുകള്‍ക്കിടയിലായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടിയെ പിന്നീട് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1978 നുശേഷം സിന്‍സിയാറ്റി മൃഗശാലയില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്. മൃഗശാലയില്‍ ആകെ 11 ഗൊറില്ലാകളാണുളളത്. കുട്ടി താഴേക്ക് വീഴുവാനിടയായത് മാതാവിന്റെ അശ്രദ്ധ മൂലമാണെന്നാണു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍