കോലം കത്തിച്ചവര്‍ സുന്നി പ്രവര്‍ത്തകരുടെ അച്ചടക്കം കണ്ടുപഠിക്കണം: കാന്തപുരം
Monday, May 30, 2016 7:07 AM IST
കുവൈത്ത്: സുന്നി ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ നല്ല അച്ചടക്കം പാലിക്കുന്നവരാണെന്നും അവരെ കണ്ടുപഠിക്കാന്‍ മറ്റുള്ളവര്‍ തയാറാവണമെന്നും കേരള മുസ്ലിം ജമാ അത്ത് പ്രസിഡന്റും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ഐസിഎഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി അബാസിയ പാക്കിസ്ഥാന്‍ സ്കൂളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ കക്ഷി രാഷ്ട്രീയക്കാരല്ലെന്നും മുസ്ലിം ജമാഅത്ത് രാഷ്ട്രീയപാര്‍ട്ടിയല്ലെന്നും കാന്തപുരം വ്യക്തമാക്കി. കക്ഷി രാഷ്ട്രീയമായി സഘടിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്നാണ് ഖത്തീബ്, ഇമാം, മുദരിസ് തുടങ്ങിയ ദീനിസേവകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശമെന്നും അതാണ് തങ്ങളുടെ സംഘടനാ നയമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണാര്‍ക്കാട് രണ്ടു സുന്നി പ്രവര്‍ത്തകരെ നിഷ്കരുണം വധിച്ച പ്രതികളെ സഹായിച്ച എംഎല്‍എ പരാജയപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നു മര്‍കസ് അലൂംനി യോഗത്തില്‍ പറഞ്ഞിട്ടുണ്െടന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മണ്ണാര്‍ക്കാട്ടു വിജയിച്ചതിന്റെ പേരില്‍ തന്റെ കോലം കത്തിച്ചവര്‍ സുന്നി പ്രവര്‍ത്തകരുടെ അച്ചടക്കം കണ്ടു പഠിക്കണം. താന്‍ ഒരു മണ്ഡലത്തിലും നേരിട്ടു പോയി ഏതെങ്കിലും പാര്‍ട്ടിയെ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ പ്രസംഗിച്ചിട്ടില്ല. എന്നാല്‍, തന്റെ നാടായ കൊടുവള്ളിയിലും ബാലുശേരിയിലും മര്‍കസും നോളജ് സിറ്റിയും സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങളിലും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേരിട്ടു വന്നു പ്രസംഗിച്ചിട്ടുണ്െടന്നും അവിടെയെല്ലാം തങ്ങള്‍ വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ട സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിട്ടുണ്െടന്നും കോലം കത്തിക്കുമായിരുന്നുവെങ്കില്‍ എത്ര പ്രാവശ്യം കത്തിക്കേണ്ടി വരുമായിരുന്നുവെന്നും കാന്തപുരം ചോദിച്ചു.

നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം ഖലീല്‍ അല്‍കന്തരി, ഉബൈദുല്ല സഖാഫി, അബൂബക്കര്‍ അഹ്സനി, ഹബീബ് കോയ, അലവി സഖാഫി തെഞ്ചേരി, അബു മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍