ഹിറ്റ്ലറുടെ എഡിറ്റ് ചെയ്യാത്ത ആത്മകഥ: പ്രസാധകനെതിരേ നിയമ നടപടി
Saturday, May 28, 2016 8:19 AM IST
ബെര്‍ലിന്‍: അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മൈന്‍ കാംഫ് എഡിറ്റ് ചെയ്യാതെ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ച പ്രസാധകനെതിരേ നിയമ നടപടിക്ക് പ്രോസിക്യൂട്ടര്‍മാര്‍ ശ്രമം തുടങ്ങി.

പുസ്തകത്തിന് ജര്‍മനിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിന്റെ കാലാവധി കഴിഞ്ഞ വര്‍ഷമാണ് അവസാനിച്ചത്. എന്നാല്‍, ഇപ്പോഴും എഡിറ്റ് ചെയ്യാത്ത കോപ്പി വിതരണം ചെയ്യുന്നത് നിയമവിരുദ്ധം തന്നെയാണ്.

ഡെര്‍ ഷെം എന്ന പ്രസാധകനാണ് ഇത്തരത്തില്‍ പുസ്തകം പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ചരിത്രകാരന്‍മാരുടെ വീക്ഷണവും വ്യാഖ്യാനങ്ങളും സഹിതമുള്ള പുസ്തകം മാത്രമാണ് ഇപ്പോള്‍ നിയമപരമായി പ്രസിദ്ധീകരിക്കാന്‍ സാധിക്കുക.

1943ല്‍ പുറത്തിറങ്ങിയ പുസ്തകം അതേപടി നല്‍കാമെന്നു പറഞ്ഞ് പ്രസാധകര്‍ പക്ഷേ വെബ്സൈറ്റ് വഴി ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍