'സംസ്കാരം സമൂഹത്തില്‍നിന്നും കലാപങ്ങളെ അകറ്റും'
Saturday, May 28, 2016 6:17 AM IST
കുവൈത്ത് സിറ്റി: മാതൃഭാഷയുടെ സംരക്ഷണം സംസ്കാരത്തിന്റെ സംരക്ഷണമാണെന്നും സംസ്കാരം സമൂഹത്തില്‍ നിന്നും കലാപങ്ങളെ അകറ്റുമെന്നും പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ഈ വര്‍ഷത്തെ മെഗാ സാംസ്കാരിക മേളയായ 'സമന്വയം 2016'ല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല കുവൈറ്റ് സംഘടിപ്പിക്കുന്ന സൌജന്യമാതൃഭാഷാ പഠന പദ്ധതി ഈ അവസരത്തിലാണ് പ്രസക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാംസ്കാരിക സമ്മേളനത്തിന് പ്രസിഡന്റ് ആര്‍.നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. കലയുടെ പ്രതീകമായ വിളക്കേന്തിയ പെണ്‍കുട്ടി വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. മാതൃഭാഷാ സമിതിയുടെ രജത ജൂബിലി വര്‍ഷത്തെ റിപ്പോര്‍ട്ട് ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട് അവതരിപ്പിച്ചു. മികച്ച സാമൂഹ്യ സേവനത്തിനായി കല കുവൈറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള രമേശ് സ്മാരക പ്രവാസി പുരസ്കാരം യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകനായ കൊച്ചു കൃഷ്ണന് എന്‍.എസ്.മാധവന്‍ നല്‍കി ആദരിച്ചു. കൊച്ചു കൃഷ്ണനുള്ള പ്രശസ്തിപത്രം കല കുവൈറ്റ് വൈസ് പ്രസിഡന്റ് ടി.കെ. സൈജു വായിച്ചു. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം മുഖ്യ പ്രായോജകരായ ബിഇസി എക്സ്ചേഞ്ചിന്റെ പ്രതിനിധികള്‍ വര്‍ഗീസിനു കൈമാറി. കുവൈത്തിലെ പ്രശസ് സാഹിത്യകാരന്മാരായ പ്രേമന്‍ ഇല്ലത്തിന്റേയും ധര്‍മരാജ് മാപ്പിള്ളിയുടേയും രചനകള്‍ പ്രകാശനം ചെയ്തു.

ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടക മത്സരത്തില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുത്ത സുരേഷ് തോലാബ്ര, മികച്ച നാടകമായി തെരഞ്ഞെടുത്ത മുരിക്കിന്റെ രചയിതാവ് ദിലീപ് നടേരി, അണിയറയില്‍ പ്രവര്‍ത്തിച്ച ഷംസുദ്ദീന്‍, കുവൈത്ത് ക്രിക്കറ്റിന്റെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ഡിജു സേവ്യര്‍ എന്നിവര്‍ക്ക് കലയുടെ സ്നേഹോപഹാരങ്ങള്‍ വേദിയില്‍ കൈമാറി. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കല കുടുംബാംഗം പി.വി. മുസ്തഫക്ക് കലയുടെ സ്നേഹോപഹാരം വേദിയില്‍ കൈമാറി.

കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദ്, രജത ജൂബിലി അഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ മാത്യു, വനിതാവേദി പ്രസിഡന്റ് ശാന്ത ആര്‍. നായര്‍, പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം പ്രസിഡന്റ് വിനോദ് എ.പി. നായര്‍, ബാലവേദി പ്രതിനിധി എ.എസ്. അദ്വൈത് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍