ഡാളസ് ശ്രീഗുരുവയൂരപ്പന്‍ ക്ഷേത്രത്തില്‍ പറയെടുപ്പ്
Saturday, May 28, 2016 2:53 AM IST
ഡാളസ്: ശ്രീഗുരുവയൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാര്‍ഷികത്തോടനുബന്ധിച്ചു ഭക്തജനങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പറയെടുപ്പ് നടത്തുന്നു. ക്ഷേത്രത്തില്‍ നിന്നും കൊളുത്തുന്ന കെടാവിളക്കിന്റെ അകമ്പടിയോടെ, പറയെഴുന്നള്ളിപ്പിനെ അനുസ്മരിപ്പിക്കുന്ന അലങ്കാരങ്ങളുമായി വീടുകളിലേക്ക് ശ്രീകൃഷ്ണ തിടമ്പ് ആനയിച്ചതിനു ശേഷം, കെടാവിളക്കില്‍ നിന്നും പകര്‍ന്നു കൊളുത്തുന്ന നിലവിളക്കിനെ സാക്ഷിയാക്കിയാണ് പറയിടീല്‍ നടത്തുന്നത്. കൈകുമ്പിളില്‍ നെല്‍മണികള്‍ പറയിലേക്ക് നിറക്കുമ്പോള്‍, ഭഗവല്‍ പ്രസാദമായി ലഭിക്കുന്ന സമ്പല്‍ സമര്‍ദ്ധിയുടെ ഒരു ഭാഗം തിരികെ കൊടുക്കുന്ന സംതൃപ്തി കൃഷ്ണഭക്തര്‍ അനുഭവിക്കുന്നു. നെറ്റിപട്ടം, പറ, നെല്ല്, മുത്തുക്കുട എന്നീ വസ്തുക്കള്‍ പറയിടല്‍ എന്ന ചടങ്ങിലൂടെ അമേരിക്കയിലെ പുതിയ തലമുറക്ക് അനുഭവവേദ്യമാക്കാന്‍ സാധിക്കുന്നു എന്നു കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാലപിള്ള അഭിപ്രായപെട്ടു. ജൂണ്‍ 3,4,5 തീയതികളില്‍ വിപുലമായ ആഘോഷത്തോടെ പ്രതിഷ്ഠാദിന വാര്‍ഷികം കൊണ്ടാടുന്നതായിരിക്കുമെന്നു ട്രസ്റി ചെയര്‍മാന്‍ ഹരി പിള്ള അറിയിച്ചു. കലശപൂജ, ശ്രീഭൂത ബലി, കഥകളി,ശാസ്ത്രീയ സംഗീതം, പഞ്ചവാദ്യം, എന്നിവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

റിപ്പോര്‍ട്ട്: സന്തോഷ് പിള്ള