ഷിക്കാഗോ ക്നാനായ ഫൊറോന നാല്‍പ്പതു മണിക്കൂര്‍ ആരാധനയുടെ നിറവില്‍
Saturday, May 28, 2016 2:52 AM IST
ഷിക്കാഗോ: അമേരിക്കന്‍ ഐക്യനാടുകളില്‍ ഇദം പ്രദമായി ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ആരംഭിച്ച നാല്‍പ്പതു മണിക്കൂര്‍ ആരാധന ഈവര്‍ഷം, പരിശുദ്ധ കുര്‍ബാനയുടെ തിരുന്നാള്‍ ദിവസമായ മെയ് 26-നു വ്യാഴാഴ്ച വൈകിട്ട് ഏഴിനു ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആരംഭിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്കു മധ്യേ നടന്ന വചന സന്ദേശത്തില്‍, ഈശോ 40 ദിവസം ഉപവസിച്ചതിനേപ്പറ്റിയും, നാല്പ്പതു മണിക്കൂര്‍ ആരാധനയുടെ ഉപവാസത്തിന്റെ പ്രശസ്തിയേപ്പറ്റിയും വിശ്വാസികള്‍ക്ക് വിശദീകരിച്ചു.

കുരുണയുടെ വര്‍ഷം പ്രമാണിച്ചു കുരുണയെ അടിസ്ഥാനമാക്കിയുള്ള ശുശ്രൂഷകളും, ദമ്പതിമാര്‍ക്കും കുടുംബങ്ങള്‍ക്കുവേണ്ടിയും, സന്യസ്തര്‍ക്കും, ദൈവവിളിക്കുമായും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. ഷിക്കാഗോ ക്നാനായ കത്തോലിക്കാ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍, വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത്, റവ. ഫാ. ബാബു മടത്തിപറമ്പില്‍, റവ. ഫാ. പോള്‍ ചാലിശേരി, അസി. വികാരി റവ. ഫാ. ജോസ് ചിറപ്പുറത്ത് തുടങ്ങിയ അഭിഷിക്തരും, വിവിധ കൂടാര യോഗങ്ങള്‍, മിനിസ്ട്രികള്‍, ജീസസ് യൂത്ത്, സഹോദര ഇടവക സമൂഹങ്ങള്‍, മതബോധന വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി കൂട്ടായ്മകളുമാണു ആരാധനയ്ക്കു നേതൃത്വം നല്‍കുന്നത്. എല്ലാദിവസവും ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, ദിവ്യകാരുണ്യ ധ്യാനം, അഭിഷേക പ്രാര്‍ത്ഥനകള്‍ എന്നിവ ഉണ്ടായിരിക്കും.

ഞായറാഴ്ച വൈകുന്നേരം അഞ്ചിനു മോണ്‍. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാ. പോള്‍ ചാലിശേരി, ഫൊറോനാ ഇടവക വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത്, എന്നിവരുടെ സഹകാര്‍മികത്വത്തിലുമുള്ള ദിവ്യബലിയെ തുടര്‍ന്നു ദിവ്യകാരുണ്യ പ്രദക്ഷിണവും സമാപനവും നടക്കും. ഇടവകയുടെ പത്താം വാര്‍ഷികത്തില്‍, ദൈവത്തിന്റെ കരുണയുടെ മുമ്പില്‍ കൂപ്പുകരങ്ങളോടെ ആരാധിക്കുവാനും, തിരുവചനങ്ങള്‍ ശ്രവിക്കുവാനും, കരുണയുടേയും ജൂബിലിവര്‍ഷത്തിന്റേയും അനുഗ്രഹം പ്രാപിക്കുവാനും ഏവരേയും ക്ഷണിക്കുന്നുവെന്നു വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. ജോസ് ചിറപ്പുറത്ത്, കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി