റവ. ജോണ്‍ മാത്യു നിര്യാതനായി
Saturday, May 28, 2016 2:52 AM IST
ന്യുജേഴ്സി: മാര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടക്കാരനും ന്യുജഴ്സി, ന്യുയോര്‍ക്ക് ഇടവകകളിലെ മുന്‍ വികാരിയുമായിരുന്ന റവ. ജോണ്‍ മാത്യു മെയ് 26 -നു നിര്യാതനായി.

കുറിയന്നൂര്‍ കഴിക്കെപ്ളാന്തോട്ടത്തില്‍ കുടുംബാംഗമാണ്. ഭാര്യ സാറാമ്മ മാത്യു (ലിസി കൊച്ചമ്മ). 1977 ല്‍ മര്‍ത്തോമ സഭയിലെ പൂര്‍ണ്ണ സമയ പട്ടക്കാരനായി ശുശ്രൂഷയില്‍ പ്രവേശിച്ച റവ. ജോണ്‍ മാത്യു മുംബൈ- ഡല്‍ഹി ഭദ്രാസന സെക്രട്ടറി, ബിഷപ്സ് സെക്രട്ടറി, മെഡിക്കല്‍ മിഷന്‍ സെക്രട്ടറി, നവജീവന്‍ കേന്ദ്രം ഡയറക്ടര്‍, മര്‍ത്തോമ സഭ ഓഫിസ് അഡ്മിനിസ്ട്രേറ്റീവ് ആന്റ് പേഴ്സണല്‍ മാനേജര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലുമുളള ഇടവക വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുളള അദ്ദേഹം 2013ല്‍ സഭാ സേവനത്തില്‍ നിന്നും റിട്ടയര്‍ ചെയ്തു വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

മേയ് 30-നു സ്വവസതിയില്‍ നടക്കുന്ന ഒന്നാംഭാഗ ശുശ്രൂഷകള്‍ക്കു റവ. ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ എന്നിവരും 31-നു കുറിയന്നൂര്‍ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, സഫ്രഗന്‍ മെത്രാപ്പോലീത്ത, ജോസഫ് മാര്‍ ബര്‍ണബാസ്, ഏബ്രഹാം മാര്‍ പൌലോസ് തുടങ്ങിയ എപ്പിസ്കോപ്പമാരും കാര്‍മ്മികത്വം വഹിക്കും.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍