നമ്മ മെട്രോ: വടക്ക്-തെക്ക് ഇടനാഴി ഓഗസ്റ്റില്‍
Friday, May 27, 2016 6:26 AM IST
ബംഗളൂരു: നമ്മ മെട്രോയുടെ വടക്ക്-തെക്ക് ഇടനാഴി ഓഗസ്റ്റില്‍ യാഥാര്‍ഥ്യമാക്കുമെന്ന് ബിഎംസിആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

ഇടനാഴിയിലുള്ള ഭൂഗര്‍ഭപാതയുടെ അവസാനഘട്ട നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സാംപിഗെ റോഡ് മുതല്‍ കെംപഗൌഡ സ്റേഷന്‍ വരെയുള്ള ഭൂഗര്‍ഭപാതയുടെ നിര്‍മാണം ഏപ്രിലില്‍ പൂര്‍ത്തിയായിരുന്നു.

ചിക്പേട്ട് മുതല്‍ മജെസ്റിക് വരെയുള്ള ഭൂഗര്‍ഭപാതയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 65 മീറ്റര്‍ ദൂരം കൂടിയേ ഇനി പൂര്‍ത്തിയാക്കാനുള്ളൂ.

ഓഗസ്റ്റ് അവസാനത്തോടെ ഈ പാതയില്‍ മെട്രോ ഓടിത്തുടങ്ങും. നവംബര്‍ ഒന്നോടെ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നാഷണല്‍ കോളജ് മുതല്‍ പുട്ടനഹള്ളി വരെയുള്ള ഗ്രീന്‍ലൈന്‍ നിര്‍മാണം ഓഗസ്റ്റ് അവസാനം ആരംഭിക്കാനും ബിഎംസിആര്‍എല്‍ തീരുമാനിച്ചിട്ടുണ്ട്.

നമ്മ മെട്രോയില്‍ വനിതകള്‍ക്ക് പ്രത്യേക കോച്ചില്ല

ബംഗളൂരു: നമ്മ മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതു വരെ ട്രെയിനുകളില്‍ വനിതകള്‍ക്ക് പ്രത്യേക കോച്ചുകള്‍ ഇപ്പോള്‍ അനുവദിക്കില്ലെന്ന് ബിഎംആര്‍സി.

മെട്രോ ട്രെയിനുകളില്‍ വനിതകള്‍ക്കായി കോച്ചുകള്‍ അനുവദിക്കണമെന്ന തരത്തില്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്െടന്നും ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും ബിഎംസിആര്‍എല്‍ എംഡി പ്രദീപ് സിംഗ് ഖരോള അറിയിച്ചു.

അടുത്തിടെ സര്‍വീസിനു തുറന്നുകൊടുത്ത ഈസ്റ്റ് വെസ്റ്റ് ഇടനാഴിയില്‍ തിരക്കുള്ള സമയങ്ങളില്‍ വനിതകള്‍ക്ക് പ്രത്യേക കോച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

നിലവില്‍ ഡല്‍ഹി, കോല്‍ക്കത്ത മെട്രോകളില്‍ വനിതകള്‍ക്കായി പ്രത്യേക കോച്ചുകളുണ്ട്.