പുതിയ കേരള മന്ത്രിസഭ: പ്രവാസ ലോകം നിരാശയില്‍
Friday, May 27, 2016 5:55 AM IST
റിയാദ്: കേരളത്തിലെ പുതിയ മന്ത്രിസഭ അധികാരമേറ്റതില്‍ ഒട്ടേറെ പുതിയ പ്രതീക്ഷകളുമായി കാത്തിരുന്ന പ്രവാസലോകം നിരാശരായതായി മലബാര്‍ ഡെവലപ്മെന്റ് ഫോറം (എംഡിഎഫ്). കേന്ദ്രത്തിലെന്ന പോലെ കേരളവും പ്രവാസികളെ ഒറ്റപ്പെടുത്തിയിരിക്കുന്നതില്‍ രാഷട്രീയം നോക്കാതെ എല്ലാ പ്രവാസികളും ശക്തമായി പ്രതിഷേധിക്കണമെന്നും എംഡിഎഫ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ഏതാണ്ട് 30 ലക്ഷത്തോളം മലയാളികളാണ് ഗള്‍ഫുനാടുകളില്‍ മാത്രമായുള്ളത്. കേരളത്തിലെ ഇടത്-വലത്-ബിജെപി മുന്നണികളുടെ പോഷക സംഘടനകളും ഗള്‍ഫ് രാജ്യങ്ങളില്‍ വളരെ സജീവമാണ്. തെരഞ്ഞെടുപ്പിനും മറ്റും ഗള്‍ഫില്‍ നിന്നു മാത്രം രാഷ്ട്രീയക്കാര്‍ക്ക് കോടികള്‍ ഒഴുകുമ്പോള്‍ യാത്രാ ക്ളേശവും കോഴിക്കോട് എയര്‍പോര്‍ട്ട് വിഷയങ്ങളിലും പ്രവാസികളുടെ തിരിച്ചു പോക്കും പുനരധിവാസവും എല്ലാം കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ട് കേരളത്തിലെങ്കിലും ഒരു പ്രവാസികാര്യ മന്ത്രാലയം അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വം ഈ വിഷയത്തില്‍ പുനഃപരിശോധന നടത്തുമെന്നു പ്രതീക്ഷിക്കുന്നതായും മലബാര്‍ ഡവലപ്മെന്റ് ഫോറം വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.എം. ബഷീര്‍, ഖത്തര്‍ പ്രതിനിധിയും ജിസിസി മീഡിയ കോ-ഓര്‍ഡിനേറ്ററുമായ അമീന്‍ കൊടിയത്തൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.