ഫോക്കസ് ത്രൈമാസ കാമ്പയിനു തുടക്കം കുറിച്ചു
Friday, May 27, 2016 5:54 AM IST
കുവൈത്ത്: സ്വാര്‍ഥതയും സ്വകാര്യ ആര്‍ഭാടങ്ങളും ജീവിത മുഖമുദ്രയാക്കിയ ആധുനിക യുവത്വം ബൌദ്ധിക വ്യായാമങ്ങളില്‍ നിന്നകന്നുനിന്നുകൊണ്ട് വൈകൃതങ്ങളെയും ദൈവേച്ഛകളെയും ദൈവങ്ങളായി സ്വീകരിച്ചുവരുന്നുവെന്നും സമൂഹത്തില്‍ മാറ്റത്തിന് ചാലക ശക്തിയാകേണ്ടവര്‍ ലഹരിയുടേയും ലൈംഗിക അതിക്രമങ്ങളുടേയും കപട വിസ്മയങ്ങളില്‍ ജീവിതം ഹോമിക്കുന്നുവെന്നും പ്രമുഖ പണ്ഡിതനും ചിന്തകനുമായ സി.എം. മൌലവി ആലുവ പറഞ്ഞു.

തണലിലേക്ക് മാറാനല്ല തണലായ് മാറാനാണ് യുവത്വം? എന്ന പ്രമേയത്തില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്ത് സംഘടിപ്പിച്ച യൂത്ത് സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കലര്‍പ്പില്ലാത്ത സ്നേഹവും കാരുണ്യവുമാണ് മാനവകുലത്തിന്റെ നിലനില്‍പ്പെന്നും പരസ്പര ഐക്യമാണ് കുടുംബ ജീവിതത്തിന്റെ അടിസ്ഥാനമെന്നും മാനവികതയുടെ മുന്നണിപോരാളിയാകാന്‍ നന്മയുടെ വിജ്ഞാനത്തിലൂടെ കുരുന്നു ഹൃദയങ്ങള്‍ ശ്രമിക്കണമന്നും യൂണിസെഫ് സെലിബ്രിറ്റി അംബാസഡറും ട്രെയിനറുമായ പ്രഫ. ഗോപിനാഥ് മുതുകാട് ലൈഫ്ഹാക്ക് സെഷനില്‍ സംസാരിക്കവേ അഭിപ്രായപ്പെട്ടു.

നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത സംഗമത്തില്‍ കുട്ടികളോടും രക്ഷിതാക്കളോടും അദ്ദേഹം സംവദിച്ചു.

ഇന്ത്യന്‍ എംബസി സെക്രട്ടറി എ.കെ. ശ്രീവത്സവ് ലൈഫ്ഹാക് സംഗമം ഉദ്ഘാടനം ചെയ്തു. ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്ത് ചെയര്‍മാന്‍ എന്‍ജിനിയര്‍ ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. എംഎസ്എം സംസ്ഥാന സമിതി അംഗം നബീല്‍ ഫാറൂഖി പാലത്ത്, ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി. മുഹമ്മദ്, ഫോക്കസ് സെക്രട്ടറി എന്‍ജിനിയര്‍ അബ്ദുറഹ്മാന്‍, അബ്ദുല്‍ മജീദ് മദനി, എന്‍.കെ. റഹീം, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു. നിഹാല്‍ അബ്ദുറഷീദ് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍