നിരോധനം പാഴ്വാക്കായി; പ്ളാസ്റിക് വില്പന തകൃതി
Friday, May 27, 2016 2:19 AM IST
ബംഗളൂരു: നഗരത്തില്‍ നിരോധനം ലംഘിച്ച് പ്ളാസ്റിക് വില്പന തകൃതിയായി നടക്കുന്നു. ഇതേത്തുടര്‍ന്ന് നഗരത്തില്‍ ബിബിഎംപി ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു ദിവസം മാത്രം 1,500 കിലോ പ്ളാസ്റിക്കാണ് പിടികൂടിയത്. കടയുടമകള്‍ക്ക് പിഴയും ഈടാക്കി. മഹാദേവപുര, അള്‍സൂര്‍, യുബി സിറ്റി, ലാവെല്ലെ റോഡ്, സെന്‍ട്രല്‍ മാള്‍, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പ്ളാസ്റിക് പിടിച്ചെടുത്തത്. വരുംദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് പ്ളാസ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും നിരോധിക്കുന്ന ഉത്തരവിറങ്ങി മാസങ്ങള്‍ പിന്നിടുമ്പോഴും നിയമം പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഭൂരിഭാഗം കടകളിലും മാളുകളിലും റസ്റോറന്റുകളിലും ഇപ്പോഴും പ്ളാസ്റിക് സുലഭമാണ്. റസ്റോറന്റുകളില്‍ ഭക്ഷണം പാഴ്സല്‍ നല്കാന്‍ പ്ളാസ്റിക് കവറുകളും കണ്െടയ്നറുകളുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നവരും പ്ളാസ്റിക് കവറുകളിലാണ് സാധനങ്ങള്‍ നല്കുന്നത്. കടകളും റസ്റോറന്റുകളും പ്ളാസ്റിക് കവറുകള്‍ക്കായി ഉപയോക്താക്കളില്‍ നിന്ന് മൂന്നു മുതല്‍ അഞ്ചു രൂപ വരെ ഈടാക്കുന്നുണ്ട്. നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങളില്‍ പകുതിയിലേറെയും പ്ളാസ്റിക് ആണ്.

നഗരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ പ്ളാസ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച് ഫലപ്രദമായി ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ കഴിയാത്തതും പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതുമാണ് നിരോധനം എങ്ങുമെത്താതെ പോകാന്‍ കാരണം. അതേസമയം, നിലവില്‍ സ്റ്റോക്കുള്ള പ്ളാസ്റിക് വിറ്റഴിക്കാനാണ് ശ്രമിക്കുന്നതെന്നാണ് വ്യാപാരികളുടെ വാദം. എന്നാല്‍, ചില വ്യാപാരികള്‍ നിരോധനം പാലിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പ്ളാസ്റിക്കിനു പകരം തുണി, ചണം എന്നിവയുപയോഗിച്ചുള്ള കവറുകളാണ് ഉപയോഗിക്കുന്നത്.

ബംഗളൂരു കോര്‍പറേഷന്‍ പരിധിയില്‍ പ്ളാസ്റിക് കൈവശം വയ്ക്കുന്നതിന് 500 രൂപ പിഴയീടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 1,000 ആയി ഉയരും.

പ്ളാസ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന കമ്പനിയില്‍ നിന്നും പിഴയീടാക്കും. പ്ളാസ്റിക് നിരോധിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരത്തില്‍ പ്ളാസ്റിക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമലംഘകര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ ബിബിഎംപി തീരുമാനിച്ചത്. ഇതോടൊപ്പം, പ്ളാസ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും നിരോധനത്തെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയിലും വ്യാപാരികള്‍ക്കിടയിലും ബോധവത്കരണ പരിപാടികള്‍ നടത്തും.