രമേശ് സ്മാരക പ്രവാസി പുരസ്കാരം കൊച്ചുകൃഷ്ണന്
Thursday, May 26, 2016 4:46 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് മുന്‍ ഭാരവാഹിയും കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മണ്മറഞ്ഞ ആര്‍. രമേശിന്റെ സ്മരണാര്‍ഥം കല കുവൈത്ത് ഏര്‍പ്പെടുത്തിയ 'ആര്‍. രമേശ് സ്മാരക പ്രവാസി പുരസ്കാരത്തിന് യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കൊച്ചുകൃഷ്ണന്‍ അര്‍ഹനായി. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കല കുവൈത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

2014 മുതലാണ് കല കുവൈത്ത് പ്രവാസലോകത്തെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായി ഇടപെടുന്നവരെ ആദരിക്കുക എന്ന ഉദ്ദേശ്യത്തില്‍ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ നാല്‍പ്പതു വര്‍ഷക്കാലമായി യുഎഇയിലെ ഷാര്‍ജ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് കൊച്ചുകൃഷ്ണന്‍ എന്ന് സൌഹൃദ വലയങ്ങളില്‍ അറിയപ്പെടുന്ന കൊച്ചുകൃഷ്ണ പിള്ള. ഷാര്‍ജയിലെ പെയിന്റിംഗ് കമ്പനിയില്‍ തൊഴിലാളിയായി പ്രവാസ ജീവിതം ആരംഭിച്ച കൊച്ചുകൃഷ്ണന്‍, ദുര്‍ഘടമായ സാഹചര്യത്തിലും പ്രവാസികള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് സമയം കണ്െടത്തിയിരുന്ന സാംസ്കാരിക പ്രവര്‍ത്തകനാണ്. ഷാര്‍ജയിലെ പുരോഗമന സാംസ്കാരിക സംഘടനയായ 'മാസ്'ന്റെ സജീവ പ്രവര്‍ത്തകനാണ്.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ സ്വദേശിയായ കൊച്ചുകൃഷ്ണന്‍ പ്രവാസി ക്ഷേമ നിധിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. മേയ് 27-നു (വെള്ളിയാഴ്ച), സൌത്ത് സബാഹിയ അല്‍ ഫൈസാലിയ ഹാളില്‍ നടക്കുന്ന കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ മെഗാ സാസ്കാരിക മേളയായ 'സമന്വയം2016' വേദിയില്‍വച്ച് കൊച്ചുകൃഷ്ണന്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

അബ്ബാസിയ കല സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍, ആക്ടിംഗ് സെക്രട്ടറി ടി.കെ. സൈജു, ട്രഷറര്‍ അനില്‍ കൂക്കിരി, സജി തോമസ് മാത്യു, ജെ.സജി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍