ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവിനെ പോലീസ് തെരയുന്നു
Thursday, May 26, 2016 4:02 AM IST
ഇരിങ്ങാലക്കുട: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് കാട്ടൂര്‍ സ്വദേശിയായ യുവാവ് ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കാട്ടൂര്‍ വാടേക്കാരന്‍ വീട്ടില്‍ റെജീബും സുഹൃത്ത് ഇലിയാസും ചേര്‍ന്നാണ് തൃശൂരിലേയും സംസ്ഥാനത്തെ വിവിധ ജില്ലകളിലേയും ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയത്. ഖത്തറില്‍ ഡ്രെെവര്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 80,000 രൂപ വീതം തട്ടിയെടുക്കുകയായിരുന്നു. നിരവധി പേര്‍ ഇവരുടെ തട്ടിപ്പിനിരയായതായി കരുതുന്നു.

25ന് ഉദ്യോഗാര്‍ഥികളെ ഗള്‍ഫില്‍ ജോലിക്ക് എത്തിക്കുമെന്നായിരുന്നു റെജീബ് പറഞ്ഞിരുന്നത്. സംശയം തോന്നാതിരിക്കാന്‍ ഇവര്‍ക്കു വിസയുടെ കോപ്പിയും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം റെജീബുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സംശയം തോന്നിയ ഉദ്യോഗാര്‍ഥികള്‍ എംബസിയിലും മറ്റും വിസയുടെ കോപ്പി വച്ച് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്നു കണ്െടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.