നഗരത്തില്‍ ബൈക്ക് ടാക്സി സര്‍വീസിന് അകാലചരമം
Wednesday, May 25, 2016 4:41 AM IST
ബംഗളൂരു: നഗരത്തില്‍ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ബൈക്ക് ടാക്സി പദ്ധതിക്ക് അകാലചരമം. ഗതാഗതവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഭാഗികമായി മാത്രം നടത്തിയിരുന്ന ബൈക്ക് ടാക്സി സര്‍വീസ് യൂബര്‍ കമ്പനി പൂര്‍ണമായി നിര്‍ത്തി.

കനത്ത നഷ്ടം സഹിച്ച് മുന്നോട്ടുപോകാന്‍ സാധിക്കാത്തതിനാലാണ് പദ്ധതി നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു. അതേസമയം, സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തം നിലയില്‍ ബൈക്ക് ടാക്സി നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും കമ്പനി അറിയിച്ചു.

ഏറെ കാത്തിരിപ്പിനൊടുവില്‍ രണ്ടു മാസം മുമ്പാണ് ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ടാക്സി ദാതാക്കളായ യൂബറും ഒലയും ബൈക്ക് ടാക്സി ആരംഭിച്ചത്. എന്നാല്‍ ബൈക്കുകള്‍ സ്വകാര്യവാഹനങ്ങളാണെന്നും ടാക്സിയായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും അറിയിച്ച് ഗതാഗത വകുപ്പ് അറിയിക്കുകയായിരുന്നു.

ഇത്തരം ഇരുചക്രവാഹനങ്ങള്‍ക്ക് ടാക്സി വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരക്കിലല്ല ഇന്‍ഷ്വറന്‍സ് നല്കുന്നത്. അതിനാല്‍ അപകടങ്ങളുണ്ടായാല്‍ യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നുമാണ് ഗതാഗതവകുപ്പിന്റെ നിലപാട്.

ടാക്സിയായി ഓടിയിരുന്ന ബൈക്കുകളെ പിടികൂടുകയും ചെയ്തതോടെയാണ് സര്‍വീസ് അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. സര്‍വീസ് പുനരാരംഭിക്കുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.