ഗീതാമണ്ഡലം മാതൃദിനം അഘോഷിച്ചു
Wednesday, May 25, 2016 4:01 AM IST
ഷിക്കാഗോ. സനാതന ധര്‍മപ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന ഗീതാ മണ്ഡലം ഈ കഴിഞ്ഞ ശനിയാഴ്ച ഗീതാമണ്ഡലം തറവാടില്‍ വച്ചു അതി വിപുലമായി ആഘോഷിച്ചു. 'എന്റെ അമ്മ' എന്ന ഫോട്ടോ വീഡിയോ മത്സരവും മറ്റ് മത്സരങ്ങളും നടത്തി. ഫോട്ടോ വീഡിയോ വിഭാഗം മത്സരങ്ങളില്‍ ഈ വര്‍ഷം 25 എന്‍ട്രി ലഭിച്ചു. തുടര്‍ന്ന് മാതൃവന്ദനവും പൂജകളും നടത്തി.

രാജ്യം നമ്മുടെ മാതാവും ,സംസ്കാരം നമ്മുടെ പിതാവുമാണ്. അതുകൊണ്ട് ഒരിക്കലും നാം നമ്മുടെ രാജ്യത്തെയും, നമ്മുടെ സംസ്കാരത്തെയും മറക്കുവാന്‍ പാടുള്ളതല്ല എന്ന് പ്രസിഡന്റ് ജയചന്ദ്രന്‍ മാതൃദിന സന്ദേശത്തില്‍ പറഞ്ഞു.

ഗീതാമണ്ഡലം മാതൃദിനം ഒരു വന്‍ വിജയമാക്കാന്‍ കഴിഞ്ഞത് ബൈജു മേനോന്റെയും രേഷ്മി മേനോന്റെയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനംകൊണ്ടാണെന്നും ആഴ്ചകളായി ഇതിനുവേണ്ടി യത്നിച്ച ഇവര്‍ വളരെ വളരെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ട്രഷറര്‍ ശേഖരന്‍ അപ്പുക്കുട്ടന്‍ അഭിപ്രായപ്പെട്ടു.

വിശ്വ പ്രേമത്തിന്റെ പ്രതീകമാണ് അമ്മ. സ്വന്തം ജീവനേക്കാള്‍ വലുതാണ് തന്റെ മക്കളുടെ ജീവന്‍ എന്ന് ചിന്തിക്കുന്ന നമ്മുടെ അമ്മമാര്‍ക്കായി ഒരു ദിനം മാത്രമല്ല ഒരു ജന്മം തന്നെ നല്കിയാലും മതിയാകില്ല. അതുപോലെ സനാതന ധര്‍മ്മത്തിന് എന്നെന്നും അഭിമാനിക്കുവാന്‍ കഴിയുന്ന അന്തസ്സും ധൈര്യവുമുള്ള, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള മനസ്സുള്ള ഒരു നല്ല തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഓരോ അമ്മമാര്‍ക്കും കഴിയട്ടെ എന്ന് ജോയിന്റ് സെക്രട്ടറി ബിജു കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മാതൃദിനത്തില്‍ പങ്കെടുത്ത എല്ലാ അമ്മമാര്‍ക്കും ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ഗീതാ മണ്ഡലത്തിന്റെ 'എന്റെ അമ്മ' മത്സരത്തില്‍ പങ്കെടുത്ത അമ്മമാര്‍ക്കും മക്കള്‍ക്കും ബൈജു മനോന്‍ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം