കല കുവൈറ്റ് നായനാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Tuesday, May 24, 2016 6:28 AM IST
കുവൈത്ത് സിറ്റി: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ.കെ. നായനാരെ അനുസ്മരിച്ചുകൊണ്ട് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

പന്ത്രണ്ടാം ചരമ വാര്‍ഷികദിനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിലൂടെ കേരള ജനത ഏറ്റവും വലിയ ആദരവാണ് അദ്ദേഹത്തിനു നല്‍കിയതെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കല കുവൈറ്റിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരിലൊരാളായ എന്‍. അജിത്ത്കുമാര്‍ പറഞ്ഞു.

1984ല്‍ കുവൈറ്റ് സന്ദര്‍ശിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങളാണ് കല കുവൈറ്റ് എന്ന സംഘടനയെ ഇന്നു കാണുന്ന തരത്തിലുള്ള വളര്‍ച്ചയിലേക്കെത്തിച്ചത്. 2000ല്‍ കേരളത്തില്‍ കല ട്രസ്റ് രൂപീകരണ സമയത്ത് നായനാര്‍ ആയിരുന്നു ട്രസ്റിന്റെ പ്രഥമ ചെയര്‍മാന്‍. സമ്മേളനത്തില്‍ കുറിപ്പ് അവതരിപ്പിച്ചുകൊണ്ട് രജീഷ് നായര്‍ പറഞ്ഞു.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി വിജയം നേടിയിരിക്കുന്ന വേളയില്‍ സംഘടിപ്പിച്ച ചടങ്ങ് പങ്കെടുത്തവര്‍ക്ക് വിജയാഹ്ളാദം പങ്കുവയ്ക്കുന്നതിനുള്ള വേദിയായി മാറി.

മംഗഫ് കല ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. സാം പൈനുംമൂട്, തോമസ് മാത്യു കടവില്‍, ടി.വി. ഹിക്മത്ത്, ജെ. സജി, വനിതാവേദി കുവൈറ്റ് വൈസ് പ്രസിഡന്റ് ഷെറിന്‍ ഷാജു, ആക്ടിംഗ് സെക്രട്ടറി ടി.കെ സൈജു, ഫഹാഹീല്‍ മേഖല സെക്രട്ടറി പ്രസീദ് കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കല കുവൈറ്റ് പ്രവര്‍ത്തകരും വോയ്സ് ഓഫ് കുവൈറ്റും ചേര്‍ന്നവതരിപ്പിച്ച 'ഗാനാഞ്ജലി' യും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍