കെകെഎംഎ പതിനഞ്ചാം വാര്‍ഷികം മേയ് 27ന്
Tuesday, May 24, 2016 6:26 AM IST
കുവൈത്ത്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മഹത്തായ സംഭാവനകള്‍ സമര്‍പ്പിച്ച് 14 വര്‍ഷം പൂര്‍ത്തിയാക്കിയ കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ പതിനഞ്ചാം വാര്‍ഷിക പരിപാടികള്‍ക്ക് മേയ് 27നു (വെള്ളി) തുടക്കം കുറിക്കും. അബാസിയ കമ്യൂണിറ്റി ഹാളില്‍ വൈകുന്നേരം ഏഴിനു ആരംഭിക്കുന്ന പരിപാടി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാഷിഷ് ഗോല്ദാര്‍ ഉദ്ഘാടനം ചെയ്യും.

പോയകാല പ്രവര്‍ത്തനങ്ങളുടെ സചിത്രവിവരണമടങ്ങിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ചടങ്ങില്‍ നടക്കും. പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുവാന്‍ ഉദ്ദേശിക്കുന്ന രണ്ട് കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികളുടെ വിളംബരവും പുതുതായി ആരംഭിക്കുന്ന ഗുഡ് ഹാര്‍ട്ട് സെന്ററിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. കുവൈത്തിലെ സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ സംബന്ധിക്കും. കുട്ടികളുടെ ഒപ്പനയും ഗാനാലാപനവും ഉണ്ടാകും. പരിപാടിയുടെ പോസ്റര്‍ ശാഖാ നേതാക്കന്‍മാര്‍ക്കു നല്‍കി പ്രകാശനം ചെയ്തു.

യോഗത്തില്‍ പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ പരിപാടികളെ കുറിച്ചു വിശദീകരിച്ചു. ചെയര്‍മാന്‍ അക്ബര്‍ സിദ്ദിഖ്, വൈസ് ചെയര്‍മാന്മാരായ എന്‍.എ. മുനീര്‍, അബ്ദുല്‍ ഫത്താഹ് തൈയില്‍, വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി കെ. ബഷീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ.സി. റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍