ഫാമിലി കോണ്‍ഫറന്‍സിലെ പ്രാസംഗികര്‍
Saturday, May 21, 2016 7:59 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ മൂന്നു മേഖലകളില്‍ വ്യക്തിപ്രഭാവം തെളിയിച്ചവരാണ് പ്രാസംഗികരായി എത്തുന്നത്.

ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത, ഫാ. ക്രിസ്റഫര്‍ മാത്യു, ഡോ. എലിസബത്ത് ജോയി എന്നിവര്‍ അവരവരുടെ ക്രിയാത്മക മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്.

അധ്യാപകനും ധ്യാനഗുരുവുമായ മാര്‍ ദീയസ്ക്കോറോസ് 2009 മുതല്‍ മദ്രാസ് ഭദ്രാസന അധ്യക്ഷനാണ്. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രഫസര്‍, ഡീന്‍ ഓഫ് സ്റഡീസ്, 'ദിവ്യബോധനം' രജിസ്ട്രാര്‍, സെന്റ് തോമസ് ഓര്‍ത്തഡോക്സ് വൈദികസംഘം ജോയിന്റ് സെക്രട്ടറി, മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്റര്‍, 'പുരോഹിതന്‍' പ്രസിദ്ധീകരണത്തിന്റെ പബ്ളീഷര്‍, 'ബഥേല്‍ പത്രിക', സെന്റ് എഫ്രേംസ് ജേര്‍ണല്‍ എന്നിവയുടെ പത്രാധിപസമിതി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിക്കുന്നു. റോമന്‍ കാത്തലിക് ചര്‍ച്ചുമായി നടക്കുന്ന ചര്‍ച്ചകളില്‍ മലങ്കരസഭാ ഡെലിഗേഷന്‍ അംഗവുമാണ്. നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിഎഡ് എടുത്തതിനുശേഷം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റിറ്റ്യുട്ടില്‍ നിന്നാണ് തിയോളജിയില്‍ മാസ്റേഴ്സും ഡോക്ടറേറ്റും എടുത്തത്. സ്കോട്ലന്‍ഡിലെ ഗ്ളാസ്കോ യൂണിവേഴ്സിറ്റിയില്‍ നിന്ന് പാസ്ററല്‍ കൌണ്‍സിലിംഗിലും വൈദഗ്ധ്യം നേടി.

വേദശാസ്ത്ര പണ്ഡിതയായ ഡോ. എലിസബത്ത് ജോയി യുകെ, യൂറോപ്പ്, ആഫ്രിക്കാ ഭദ്രാസന സെക്രട്ടറി ഫാ. ജോര്‍ജ് ജോയിയുടെ സഹധര്‍മിണി ആണ്. ഭദ്രാസന എക്യുമെനിക്കല്‍ റിലേഷന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ലണ്ടന്‍ കിംഗ്സ് കോളജില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിസ്റമാറ്റിക് തിയോളജി പ്രഫസറായ എലിസബത്ത് ജോയി ലണ്ടന്‍ കിംഗ്സ് കോളജില്‍ തിയോളജിയില്‍ പിഎച്ച്ഡി ഗവേഷക കൂടിയാണ്. മിഷന്‍ എഡ്യൂക്കേഷന്‍ ഓഫ് കൌണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന്റെ മുന്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയാണ്. തികഞ്ഞ വിഷണറി കൂടിയായ എലിസബത്ത്, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ഗ്ളോബല്‍ വേദികളില്‍ ശബ്ദമുയര്‍ത്തുന്നതു കൂടാതെ എക്യുമെനിക്കല്‍ സോളിഡാരിറ്റിയുടെ വക്താവും ആണ്. മിയോറ വേള്‍ഡ് മിഷന്റെ ഓണററി ഡയറക്ടര്‍ എന്ന നിലയില്‍ അന്തര്‍ദേശീയ തലത്തില്‍ മനുഷ്യക്കടത്തിനെതിരായി ശക്തമായ നിലയില്‍ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്നു.

മലങ്കരസഭയുടെ അമേരിക്കയിലെ യുവതലമുറയ്ക്ക് മാതൃകയായി അവര്‍ക്ക് സഭാ ജീവിതത്തിലേക്കുള്ള വഴികാട്ടുവാന്‍ നിയുക്തനായിരിക്കുന്ന യുവ വൈദികനാണ് ഫാ. ക്രിസ്റഫര്‍ മാത്യു. ഫാ. മാമ്മന്‍ മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായ ഫാ. ക്രിസ്റഫര്‍ മാത്യു ജനിച്ചതും വളര്‍ന്നതുമെല്ലാം ഹൂസ്റണില്‍.

2009-ല്‍ കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയാണ് ശെമ്മാശനായി വാഴിച്ചത്. 2011-ല്‍ അലക്സിയോസ് മാര്‍ യൌസേബിയസ് മെത്രാപ്പോലീത്തായില്‍ നിന്നും വൈദികനായി പട്ടമേറ്റു. തിയോളജിയിലെ ബാച്ച്ലേഴ്സ് പനത്തിനുശേഷം സെന്റ് ടിക്കോണ്‍സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഡിവിനിറ്റിയില്‍ മാസ്റേഴ്സ് എടുത്തു. കോട്ടയം ഓര്‍ത്തഡോക്സ് തിയളോജിക്കല്‍ സെമിനാരിയില്‍ ലിറ്ററിജിക്കല്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു.ഇപ്പോള്‍ ഡാള്ളസിലെ സെന്റ് ജയിംസ് മിഷന്‍ ഇടവക വികാരി. ഭാര്യ മേരി. മകന്‍ കാലേബ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍