കേളി നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു
Saturday, May 21, 2016 7:59 AM IST
റിയാദ്: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും പുരോഗമന പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന ഇ.കെ. നായനാരുടെ പന്ത്രണ്ടാം ചരമവാര്‍ഷികം റിയാദില്‍ കേളി കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.

കക്ഷിരാഷ്ട്രീയ ഭേദമന്യെ സമാനതകളില്ലാത്തവിധം കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും സ്നേഹവും ആദരവും അംഗീകാരവും നേടിയെടുത്ത, സാധാരണ ജനങ്ങള്‍ നെഞ്ചിലേറ്റിയ, ഹൃദയ വിശുദ്ധിയുടെ നന്മ വിതറി സ്നേഹത്തിന്റെ നിറവായി മാറിയ ജനനായകനായിരുന്നു നായനാരെന്ന് അനുസ്മരണ പ്രമേയത്തില്‍ പറഞ്ഞു.

കേരളത്തിന്റെ സമഗ്രവികസനത്തിനു വിത്തുപാകിയ ജനകീയാസൂത്രണം, വിവിധ സാമൂഹ്യ സുക്ഷാ പദ്ധതികള്‍, ഐടി വികസനത്തിന്റെ നാഴികക്കല്ലായി മാറിയ ടെക്നോ പാര്‍ക്ക് എന്നിവ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ആരംഭിച്ചത്. ഇന്ത്യയിലാദ്യമായി പ്രവാസികള്‍ക്കായി ഒരു പ്രത്യേക വകുപ്പു രൂപീകരിച്ചതും നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഗള്‍ഫ് മലയാളികളുടെയും  അവരുടെ കുടുംബങ്ങളുടെയും ക്ഷേമം മുന്നില്‍ കണ്ട് രൂപം നല്‍കിയ പ്രവാസി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രവാസി സാമൂഹ്യക്ഷേമ പദ്ധതിയും വഴി പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പ്രശ്നപരിഹാരങ്ങള്‍ക്കും ഒട്ടേറെ കര്‍മമ പരിപാടികളാണ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയിരുന്നതെന്നും അനുസ്മരണ പ്രഭാഷണത്തില്‍ മുഹമ്മദ്കുഞ്ഞു പറഞ്ഞു.

ആസന്ന മരണം സഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തെ സംരക്ഷിക്കക എന്നതാകണം പുതിയ സര്‍ക്കാരിന്റെ പ്രഥമ പരിഗണന എന്നും ഇത്രയും തിളക്കമാര്‍ന്ന തെരഞ്ഞെടുപ്പു വിജയം നല്‍കിയതിലൂടെ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നതെന്നും ദസ്തക്കീര്‍ പറഞ്ഞു.

ബത്ത പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ കേളി കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ റഷീദ് മേലേതില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ മുഹമ്മദ് കുഞ്ഞു വള്ളിക്കുന്നം അനുസ്മരണ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ സജീവന്‍ ചൊവ്വ, ഗീവര്‍ഗീസ് ദയാനന്ദന്‍ ഹരിപ്പാട്, സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടിആര്‍ സുബ്രഹ്മണ്യന്‍, കേളി സൈബര്‍ വിംഗ് ചെയര്‍മാന്‍ സിജിന്‍ കൂവള്ളൂര്‍ എന്നിവരും നായനാരെ അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍