റിയാദില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു
Thursday, May 19, 2016 6:16 AM IST
റിയാദ്: സാമൂഹ്യ പ്രവര്‍ത്തകനും റിയാദിലെ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന മലപ്പുറം വാണിയമ്പലം സ്വദേശി പെരുമുണ്ട മുഹമ്മദ് ഫാറൂഖ് (50) റിയാദില്‍ കുഴഞ്ഞുവീണു മരിച്ചു.

അല്‍ സെയ്ഫ് നിര്‍മാണ കമ്പനിയിലെ അക്കൌണ്ട്സ് ഓഫീസറായിരുന്ന മുഹമ്മദ് ഫാറൂഖ് 1992 മുതല്‍ റിയാദിലുണ്ട്. രണ്ടാഴ്ച മുന്‍പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നു ആഞ്ചിയോപ്ളാസ്റിക്ക് വിധേയനായ ഫാറൂഖ് ബുധനാഴ്ച രാവിലെയാണ് വസതിയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

ഒഐസിസി, റിയാദ് മമ്പാട് എംഇഎസ് കോളജ് അലൂംനി അസോസിയേഷന്‍, ഏറനാട് കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഫാറൂഖിന്റെ ഭാര്യ ഷാനിബ, മുസ്ലിം ലീഗ് നേതാവും എംപി യുമായ പി.വി. അബ്ദുല്‍ വഹാബിന്റെ സഹോദരിയുടെ മകളാണ്. വിദ്യാര്‍ഥികളായ അഷ്ഫാഖ് ഫാറൂഖ്, ഐഷ ജന്ന, സാക്കിയ സിയ, ഇസ്ഹാഖ് ഫാറൂഖ് എന്നിവര്‍ മക്കളാണ്.

മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ഇതിനായി ബന്ധുക്കളോടൊപ്പം കെഎംസിസി പ്രവര്‍ത്തകരായ മൊയ്തീന്‍ കുട്ടി തെന്നല, ഷാനവാസ് ആറളം എന്നിവര്‍ രംഗത്തുണ്ട്.

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി, വണ്ടൂര്‍ മണ്ഡലം കമ്മിറ്റി, റിയാദ് മമ്പാട് കോളജ് അലൂംനി അസോസിയേഷന്‍, അല്‍ യാസ്മിന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി, ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും സഹപാഠിയും ഉറ്റ സുഹൃത്തുമായ അബ്ദുള്ള വല്ലാഞ്ചിറ, സുഹൃത്തും സഹപാഠിയുമായ മാധ്യമ പ്രവര്‍ത്തകന്‍ ഉബൈദ് എടവണ്ണ, സഹപാഠിയും ഉറ്റസുഹൃത്തുമായ പി.വി. അജ്മല്‍ തുടങ്ങിയവര്‍ ഫാറൂഖിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍