ഷിക്കാഗോ വിമാനത്താവളത്തില്‍ യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുമ്പെത്താന്‍ നിര്‍ദേശം
Wednesday, May 18, 2016 6:24 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രധാന വിമാനത്താവളങ്ങളായ ഒഹെയര്‍, മിഡ് വെ എന്നിവിടങ്ങളില്‍ നിന്നു രാജ്യത്തിനകത്തോ, പുറത്തോ യാത്ര ചെയ്യുന്നവര്‍ മൂന്നു മണിക്കൂര്‍ മുമ്പ് വിമാന താവളത്തില്‍ എത്തി ചേരണമെന്ന് ടിഎസ്എ അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും പരിശോധന കര്‍ശനമാക്കിയതുമാണ് പുതിയ തീരുമാനത്തിനു കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു. ഇതുവരെ യാത്ര പുറപ്പെടുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് എത്തണമെന്നായിരുന്നു നിര്‍ദ്ദേശം.

2013 ല്‍ 643 മില്യണ്‍ യാത്രക്കാരെ സഹായിക്കുന്നത് 47,000 ഫുള്‍ടൈം ജീവനക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം കൂടുകയും (740 മില്യണ്‍) ജീവനക്കാരുടെ എണ്ണം കുറയുകയും (42,500) ചെയ്തതായി അറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ച യാത്രക്കാരുടെ പരിശോധനയ്ക്കുളള താമസം 2 മണിക്കൂറിലധികമായിരുന്നു. 450 യാത്രക്കാര്‍ക്കാണ് ഇതുമൂലം യാത്ര മുടങ്ങിയത്. ഇവര്‍ക്ക് ഒരു രാത്രി എയര്‍പോര്‍ട്ടില്‍ കഴിയേണ്ടി വന്നു. മാത്രവുമല്ല 30 സര്‍വീസുകള്‍ താമസിച്ചാണ് പുറപ്പെട്ടത്.

ഇല്ലിനോയ് സെനറ്റര്‍ ഡിക് ഡര്‍ബിന്‍, യാത്രക്കാരുടെ താമസം ഒഴിവാക്കുന്നതിന് 58 ഓഫീസര്‍മാരേയും നാലു ബോംബ് സ്റിഫിംഗ് ഡോഗുകളേയും നിയമിച്ചതായി അറിയിച്ചു.

ഫെബ്രുവരി മുതല്‍ പരിശോധനാ സമയം കൂടുതല്‍ എടുത്തതിനാല്‍ 4500 അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് യാത്ര മുടങ്ങിയതായും ടിഎസ്എ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍