ടയര്‍പൊട്ടി വാഹനം മറിഞ്ഞു ബാലുശേരി സ്വദേശി മരിച്ചു
Wednesday, May 18, 2016 6:17 AM IST
റിയാദ്: ഫാന്‍സി സാധനങ്ങളുമായി റിയാദില്‍നിന്ന് നജ്റാനിലേക്കു പോകുംവഴി വാദി ദവാസിറിനടുത്ത സുല്‍ത്താനയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് ബാലുശേരി പനായി സ്വദേശി മുഹമ്മദ് ജാസിര്‍ (26) മരിച്ചു.

കൂടെ ജോലിചെയ്യുന്ന ജാസിറിന്റെ അയല്‍വാസിയായ സിനു പരിക്കുകളോടെ വാദി ദവാസിര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകുന്നേരം 4.30നാണു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ടയോട്ട എയ്സ് വാന്‍ ടയര്‍ പൊട്ടി മറിഞ്ഞാണ് അപകടം. ആറു വര്‍ഷം മുമ്പ് സൌദിയിലെത്തിയ മുഹമ്മദ് ജാസിര്‍ മൂന്നു വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ ആഴ്ചയാണ് നിക്കാഹ് കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയത്.

പിതാവ്: ചാലില്‍ മൊയ്തീന്‍കുഞ്ഞി. മാതാവ്: സുബൈദ തെക്കെയില്‍. സഹോദരി: സുഹാദ.

ബന്ധുക്കളായ അബ്ദുല്‍ റഷീദ്, നിസാര്‍ അസ്ലം, ഷഫീഖ് എന്നിവരും സുഹൃത്തുക്കളായ അഷ്റഫ്, അബ്ദുല്‍വാഹിദ് എന്നിവരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് രംഗത്തുണ്ട്. മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍