റോഷ്നി സാബുജി സ്കോളാര്‍ ഓഫ് ഫ്ളോറിഡ ടീമില്‍
Wednesday, May 18, 2016 4:57 AM IST
താമ്പാ: വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ക്ക് മാതൃകയായികൊണ്ട് ഫ്ളോറിഡയില്‍ നിന്നും ഒരു ക്നാനായക്കാരി. ഫ്ളോറിഡയിലെ ഫോര്‍ട്ട് പിയേഴ്സിലെ ഇന്ത്യന്‍ റിവര്‍ സ്റ്റേറ്റ് കോളേജില്‍ പഠിക്കുന്ന റോഷ്നി സാബുജി ഫ്ളോറിഡയിലെ എല്ലാ കോളേജുകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെട്ട ഏറ്റവും പ്രതിഭാശാലികലായ പത്ത് വിദ്യാര്‍ഥികളില്‍ ഒരാളായി മാറിയിരിക്കുന്നു. ഫ്ളോറിഡ സംസ്ഥാനത്തില്‍ പഠിക്കുന്ന എട്ടു ലക്ഷത്തോളം വരുന്ന കോളേജ് വിദ്യാര്‍ഥികളില്‍നിന്നു തെരെഞ്ഞെടുക്കപ്പെട്ട 128 മികച്ച വിദ്യാര്‍ഥികളുടെ ലിസ്റില്‍നിന്നാണു റോഷ്നി ആദ്യത്തെ പത്തുപേരുടെ ഗണത്തിലേക്ക് എത്തിയത്. മലയാളി സമൂഹത്തില്‍നിന്നുതന്നെ ആദ്യമായാണ് ഒരു കോളജ് വിദ്യാര്‍ഥി ഇതുപോലെയുള്ള ഒരു അംഗീകാരത്തിന് അര്‍ഹയായിരുക്കുന്നത്.

കോട്ടയം സംക്രാന്തി ഇടവകാംഗമായ സാബുജി & എല്‍സി പൂഴിക്കുന്നേല്‍ ദമ്പതിമാരുടെ മകളായ 23 വയസുകാരിയായ റോഷ്നി, ഇപ്പോള്‍ ബയോളജിയില്‍ ബിരുദം കരസ്ഥമാക്കുവാന്‍ പഠിക്കുന്നതോടൊപ്പം ഡെന്റല്‍ അസിസ്റന്റ് ആയി ജോലിയും ചെയ്യുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു ഡോകടര്‍ ആകാന്‍ വേണ്ടി തീരുമാനിച്ചിരിക്കുന്ന റോഷ്നിയുടെ ഏക സഹോദരന്‍ റോഷന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. അര്‍പ്പണബോധത്തോടെയും ചിട്ടയോടെയുമുള്ള പഠന രീതിയും അച്ചടക്കവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിനു സഹായകമായത് എന്ന് സാബുജി പറഞ്ഞു. എന്നാല്‍ ദൈവാനുഗ്രഹവും കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയുമാണ് ഇവിടെത്തന്നെ എത്തിച്ചത് എന്നാണ് റോഷ്നി അഭിപ്രായപെട്ടത്. അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം