മസ്ക്കറ്റ് യാക്കോബായ പള്ളിയിലെ കുടുംബ നവീകരണ ധ്യാനം ഫാ. ഡേവിസ് ചിറമ്മല്‍ നയിക്കും
Tuesday, May 17, 2016 6:25 AM IST
മസ്ക്കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ മേയ് 18, 19, 20 (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ നടക്കുന്ന കുടുംബ നവീകരണ ധ്യാനം കിഡ്നി ഫെഡറേഷന്‍ സ്ഥാപക ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ നയിക്കും.
18നു (ബുധന്‍) രാത്രി 7.30നു ആരംഭിക്കുന്ന സന്ധ്യാ നമസ്കരത്തോടെ മൂന്നു ദിവസത്തെ ധ്യാനത്തിനു തുടക്കമാകും. പിസിഒ ഹാളില്‍ വ്യാഴാഴ്ച 7.30 നു സന്ധ്യാ നമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും.

വെള്ളി രാവിലെ പത്തിന് സെന്റ് മേരീസ് ചാപ്പലില്‍ നടക്കുന്ന ചടങ്ങുകള്‍ ഫാ. ഡേവിസ് ചിറമ്മല്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. 'കുടുംബ ജീവിതത്തിന്റെ ഭദ്രത' എന്ന വിഷയത്തില്‍ നടക്കുന്ന ക്ളാസിനു ശേഷം ഉച്ചഭക്ഷണത്തെ തുടര്‍ന്നു സെന്റ് തോമസ് പള്ളിയില്‍ വിവിധ സഭാ വിഭാഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക ധ്യാന യോഗവും നടക്കും. രണ്ടിന് സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ സംഘഗാനത്തോടെ ധ്യാന പ്രസംഗം ആരംഭിക്കും. വൈകുന്നേരം 5.30നു സമാപന സന്ദേശത്തോടെ യോഗം അവസാനിക്കുമെന്നു ഇടവക സെക്രട്ടറി ഷിബു കെ. ജേക്കബ് പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം