കല കുവൈറ്റ് മാതൃഭാഷ പഠന പദ്ധതി: ഭാഷ സമിതി രൂപീകരിച്ചു
Tuesday, May 17, 2016 6:22 AM IST
കുവൈത്ത് സിറ്റി: 'മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക' എന്ന ലക്ഷ്യവുമായി കഴിഞ്ഞ 25 വര്‍ഷമായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ചു വരുന്ന മലയാള ഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായുള്ള ഭാഷാ സമിതി രൂപീകരിച്ചു.

മാതൃഭാഷാ പഠനം അന്യമായ കുവൈത്തിലെ ആയിരക്കണക്കിനു പ്രവാസി വിദ്യാര്‍ഥികളാണു കല കുവൈറ്റ് സ്കൂള്‍ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന മലയാളം ക്ളാസുകളില്‍ പങ്കെടുത്ത് പഠിക്കുന്നത്. ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം മേയ് 27നു പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ മെഗാപ്രോഗ്രാമായ 'സമന്വയം 2016' ന്റെ വേദിയില്‍ നിര്‍വഹിക്കും.

അബാസിയ കല സെന്ററില്‍ നടന്ന യോഗത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ രജത ജൂബിലി വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സാം പൈനുംമൂട് അവതരിപ്പിച്ചു. ആക്ടിംഗ് സെക്രട്ടറി ടി.കെ. സൈജു, രജത ജൂബിലി വര്‍ഷത്തെ സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു, ജോയി മുണ്ടക്കാടന്‍, ജെ. ആല്‍ബര്‍ട്ട്, മലയില്‍ മൂസക്കോയ, തോമസ് മാത്യു കടവില്‍, എസ്. എ. ലബ, രഘുനാഥന്‍ നായര്‍, ബഷീര്‍ ബാത്ത, റിയാസ്, അസീസ് തിക്കോടി, സുജൈയ് മിത്തല്‍, അബ്ദുള്‍ ഫത്ത, ധര്‍മരാജ് മടപ്പിള്ളി, അഷറഫ് കാളത്തോട്, എന്‍. അജിത്ത് കുമാര്‍, ലിസി കുര്യാക്കോസ്, വി. അനില്‍ കുമാര്‍, സാജു, ജയകുമാര്‍, ഷാജു വി. ഹനീഫ് എന്നിവര്‍ സംസാരിച്ചു.

ഈ വര്‍ഷത്തെ മാതൃഭാഷ സമിതിയുടെ രക്ഷാധികാരികളായി ജോണ്‍ മാത്യു, സാം പൈനുംമൂട്, മൂസക്കോയ എന്നിവരെയും 20 അംഗ ഉപദേശക സമിതിയേയും ജനറല്‍ കണ്‍വീനറായി സജിത സ്കറിയ, കണ്‍വീനര്‍മാരായി ഷാജു വി. ഹനീഫ്, റെജി ജേക്കബ്, മേഖല കണ്‍വീനര്‍മാരായി പ്രിന്‍സ്റണ്‍ ഡിക്രൂസ് (അബാസിയ), പി.ആര്‍. കിരണ്‍ (സാല്‍മിയ), അശോക് കുമാര്‍ (അബു ഹലീഫ), പി.ജി. ജ്യോതിഷ് (ഫഹാഹീല്‍) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍