'കുടുംബം സ്രഷ്ടാവ് തറക്കല്ലിട്ട ആത്മീയ സ്ഥാപനം'
Monday, May 16, 2016 6:08 AM IST
ദോഹ: സ്രഷ്ടാവ് തറക്കല്ലിട്ട ആത്മീയവും മാനസികവും ധാര്‍മികവുമായ അടിത്തറയുള്ള മഹത്തായ സ്ഥാപനമാണു കുടുംബമെന്നും കുടുംബബന്ധങ്ങള്‍ ശക്തമാക്കുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുകയുള്ളൂവെന്നും ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി. അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസും ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്നേഹവും കാരുണ്യവും നിറഞ്ഞൊഴുകുന്ന കാരുണ്യകേന്ദ്രങ്ങളാണു കുടുംബങ്ങള്‍. കൂടിയാലോചനയും വിട്ടുവീഴ്ചയുമാണ് കുടുംബത്തിന്റെ ശക്തി. അനുഗ്രഹങ്ങള്‍ മുഴുവന്‍ കമ്പോളവത്കരിക്കപ്പെടുന്ന സമകാലിക ലോകത്ത് കുടുംബബന്ധങ്ങളുടെ ആര്‍ദ്രത ഉറപ്പുവരുത്താന്‍ മൂല്യങ്ങളുടെ വീണ്െടടുപ്പ് അത്യാവശ്യമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. കുടുംബാന്തരീക്ഷത്തിലുണ്ടാകുന്ന താളപ്പിഴകള്‍ സമൂഹത്തില്‍ സാംസ്കാരികവും ധാര്‍മികവുമായ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ കുടുംബത്തിന്റെ ഭദ്രത ഉറപ്പുവരുത്തുവാനുള്ള എല്ലാ ശ്രമങ്ങളുമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തര്‍ സ്റാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഷൈനി കബീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ആന്റി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുല്‍ റഷീദ്, ഡോ. യാസര്‍, ഡോ. ബേനസീര്‍ ലത്തീഫ് നാസര്‍ എന്നിവര്‍ സംസാരിച്ചു.