മുസ്ലിം നിരോധനം: നയം മയപ്പെടുത്തി ട്രംപ്
Saturday, May 14, 2016 5:35 AM IST
വാഷിംഗ്ടന്‍ ഡിസി: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആരംഭത്തില്‍ മുസ്ലിം സമുദായത്തിനെതിരെ ആഞ്ഞടിച്ച ഡൊണാള്‍ഡ് ട്രംപിന്റെ സമീപനത്തില്‍ കാതലായ മാറ്റം താല്കാലികമായി മുസ്ലിമുകള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് പൂര്‍ണമായും തടയണമെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രഖ്യാപനം. എന്നാല്‍ റിപ്പബ്ളിക്കന്‍ പ്രൈമറിയില്‍ ട്രംപിന്റെ സ്ഥാനാര്‍ഥിത്വം തീരുമാനമായതോടെ നയങ്ങളിലും മാറ്റം വരുത്തുന്നതിന്റെ സൂചനകള്‍ ലഭ്യമായി തുടങ്ങി.

മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാടുകള്‍ മയപ്പെടുത്തിയത്. ഞാന്‍ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റല്ല. ഞാന്‍ പറയുന്നത് എന്റെ ഒരഭിപ്രായം മാത്രമാണ്. റാഡിക്കല്‍ ഇസ്ലാമിനെ കുറിച്ചു ആഴത്തില്‍ പഠിച്ചതിനുശേഷം മാത്രമാണ് തീരുമാനമെടുക്കേണ്ടത്.

സാന്‍ ബര്‍ണാര്‍ഡിനൊ, പാരീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സംഭവങ്ങള്‍ ദൌര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുളള നടപടികളും പരിഹാരമാര്‍ഗങ്ങളും സ്വീകരിക്കുന്നതിന് എല്ലാവരുടേയും അഭിപ്രായങ്ങള്‍ സമന്വയിപ്പിക്കേണ്ടതുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ തൂക്കം നല്‍കുന്നത്. ട്രംപ് മാധ്യമങ്ങളെ അറിയിച്ചു.

ട്രംപിന്റെ ആദ്യ പ്രഖ്യാപനം വലിയൊരു ജനവിഭാഗത്തെ സ്വാധീനിക്കുവാന്‍ കഴിഞ്ഞതിന്റെ വ്യക്തമായ തെളിവാണ് വിവിധ സംസ്ഥാനങ്ങളില്‍ വിജയം നേടുവാനായത്.

ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ളിന്റണിന്റെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ ഇതുവരെ നിലനിര്‍ത്തിയിരുന്ന പ്രതീക്ഷകള്‍ക്ക് അല്പം മങ്ങലേല്‍പിച്ചിട്ടുണ്ട്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഹില്ലരിയും ട്രംപും തീപ്പൊരു പോരാട്ടമായിരിക്കും കാഴ്ചവയ്ക്കുക. ഇതില്‍ മുന്‍ തൂക്കം ട്രംപിനു തന്നെയായിരിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍