ട്രാസ്ക് കലോത്സവം 2016
Tuesday, May 10, 2016 5:45 AM IST
കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ (ട്രാസ്കിന്റെ) ആഭിമുഖ്യത്തില്‍, മേയ് അഞ്ചിനു അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ 'കലോത്സവം 2016' സ്റേജ് ഇനങ്ങള്‍ സംഘടിപ്പിച്ചു.

അസോസിയേഷന്‍ അംഗങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന കലോത്സവത്തില്‍ ജൂണിയര്‍,

സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങള്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി 10.30വരെ നീണ്ടു നിന്നു.

സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അബാസിയ ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി. പ്രേംകുമാര്‍ കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ട്രാസ്ക് പ്രസിഡന്റ് സെബാസ്റ്യന്‍ വാതൂക്കാടന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു കലാഭവന്‍ മണി, ഒഎന്‍വി എന്നീ പ്രതിഭകളെ അനുസ്മരിച്ചുകൊണ്ട് ആരംഭിച്ചു. പെരുമ്പാവൂരില്‍ പീഡനത്തിനിരയായി മരിച്ച ജിഷയോടുള്ള ആദരസൂചകമായി മെഴുകുതിരികള്‍ തെളിയിച്ചു.

യോഗത്തില്‍ ട്രാസ്ക് ജനറല്‍ സെക്രട്ടറി അജയ് പാങ്ങില്‍, വനിതാവേദി ജനറല്‍ കണ്‍വീനര്‍ അംബിക മുകുന്ദന്‍, കളിക്കളം കോഓര്‍ഡിനേറ്റര്‍ മാസ്റര്‍ റൊണാള്‍ഡ് ഫ്രാങ്ക്, ആര്‍ട്ട്സ് കണ്‍വീനര്‍ രാജേഷ്, ട്രഷറര്‍ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

നാലു വ്യത്യസ്ത സ്റേജുകളിലായി നടന്ന ട്രാസ്ക് അംഗങ്ങളുടെ മികച്ച കലാ പ്രകടനങ്ങള്‍ക്ക്, തങ്ങളുടെ മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിധികര്‍ത്താക്കള്‍ വിധി നിര്‍ണയം നടത്തി. തുടര്‍ന്നു വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍