ലാനാ റീജണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍
Tuesday, May 10, 2016 5:43 AM IST
ന്യുവാര്‍ക്ക് (കലിഫോര്‍ണിയ): ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക റീജണല്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജൂണ്‍ 17, 18 തീയതികളില്‍ നടക്കുന്ന ദ്വിദിന സമ്മേളനത്തില്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരായ സേതുവും പി. കെ. പാറക്കടവും മുഖ്യാതിഥികളായി പങ്കെടുക്കും.

ഒഎന്‍വിക്ക് ആദരാജ്ഞലികള്‍ സമര്‍പ്പിച്ചുകൊണ്ടാണു പരിപാടികള്‍ ആരംഭിക്കുന്നത്. കവിത, നോവല്‍ സമ്മേളനങ്ങള്‍, മള്‍ട്ടിമീഡിയ സോഷ്യല്‍ മീഡിയ പുതിയ പ്രവണതകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് ഒച്ചാലില്‍, സെക്രട്ടറി ജെ. മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ലാനായുടെ റീജണല്‍ കണ്‍വന്‍ഷന്‍ വിജയകരമായി സംഘടിപ്പിക്കുന്നതിന് മാടശേരി നീലകണ്ഠന്‍, ഗീതാ ജോര്‍ജ്, പ്രേമ തെക്കേക്കുറ്റ്, തമ്പി ആന്റണി എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റിയാണു പ്രവര്‍ത്തനനിരതമായിരിക്കുന്നത്.

കലിഫോര്‍ണിയ ന്യുവാര്‍ക്കിലുള്ള മെഹ്റാന്‍ റസ്ററന്റ് ഹാളിലാണു സമ്മേളന പരിപാടികള്‍ നടക്കുന്നത്. പ്രതിനിധികള്‍ക്കു താമസ സൌകര്യം ഒരുക്കിയിരിക്കുന്ന ന്യുവാക്ക് ഹില്‍ട്ടണ്‍ ഡബിള്‍ ട്രീയില്‍ കുറഞ്ഞ നിരക്കില്‍ റൂമുകള്‍ ലഭ്യമാക്കും. രജിസ്ട്രേഷനുള്ള തീയതി ഈ മാസം ഇരുപതോടെ അവസാനിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: മാടശേരി നീലകണ്ഠന്‍ 925 785 0315

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍