മാര്‍ക്ക് പിക്നിക്ക് ജൂണ്‍ പതിനൊന്നിന്
Tuesday, May 10, 2016 4:59 AM IST
ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ സമ്മര്‍പിക്നിക്ക് ജൂണ്‍ 11-നു (ശനിയാഴ്ച) സ്കോക്കിയിലുള്ള ലിയോണ്‍ പാര്‍ക്കില്‍ (7640 കോസ്റനര്‍ അവന്യൂ, സ്കോക്കി, ഇല്ലിനോയി, 60076) വച്ച് നടത്തപ്പെടും. രാവിലെ 9.30-നു പ്രഭാത ഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പക്നിക്ക് പരിപാടികള്‍ സായാഹ്നം 7 വരെ തുടരും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി നിരവധി മത്സരങ്ങളും വിനോദ പരിപാടികളും പിക്നിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്പിറ്റലുകളുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന വടംവലി മത്സരമാണ് ഈ വര്‍ഷത്തെ പുതുമ.

മാര്‍ക്ക് എക്സിക്യൂട്ടീവിന്റെ നേരിട്ടുള്ള ചുമതലയില്‍ നടത്തപ്പെടുന്ന പിക്നിക്ക് കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത് വൈസ് പ്രസിഡന്റ് ഷാജന്‍ വര്‍ഗീസാണ്. പിക്നിക്ക് കൌതുകകരവും ഉല്ലാസപ്രദവുമാക്കാന്‍ ഉപകരിക്കുന്ന അംഗങ്ങളുടെ നവീന ആശയങ്ങള്‍ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. ഇല്ലിനോയിയിലെ എല്ലാ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങള്‍ക്കൊപ്പം ഈ സംരംഭത്തിലേക്ക് സംഘാടകര്‍ പ്രതീക്ഷിക്കുകയും പിക്നിക്കില്‍ ഉടനീളം ഏവരും ആവേശകരമായി പങ്കെടുത്ത് മാര്‍ക്ക് അംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കൂട്ടായ്മയും, സഹകരണവും ശക്തിപ്പെടുത്തണമെന്ന് പ്രസിഡന്റ് യേശുദാസ് ജോര്‍ജ് താത്പര്യപ്പെടുന്നു. സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം