ഷിക്കാഗോ സിറ്റിയില്‍ നടന്ന വെടിവയ്പില്‍ ഏഴു മരണം
Monday, May 9, 2016 5:44 AM IST
ഷിക്കാഗോ: മാതൃദിന വാരാന്ത്യത്തില്‍ മക്കളെ നഷ്ടപ്പെട്ട മാതാക്കളുടെ ദീനരോദനം ഷിക്കാഗോ സിറ്റിയെ ഒരിക്കല്‍ കൂടി കണ്ണീര്‍ കയത്തിലാഴ്ത്തി.

ഈ വാരാന്ത്യത്തില്‍ 49 പേര്‍ക്കാണു വെടിവയ്പില്‍ പരിക്കേറ്റത്. ഇതില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഷിക്കാഗോ സിറ്റിയിലും പരിസരത്തും മാത്രം സംഭവിച്ചതാണിത്.

ഷിക്കാഗോ സിറ്റിയില്‍ രക്തച്ചൊരിച്ചില്‍ തടയാന്‍ കമ്യൂണിറ്റി ആക്ടിവിസ്റ് ആന്‍ഡ്രൂ ഹോംസിന്റെ നേതൃത്വത്തില്‍ മേയ് എട്ടിനു എം.ടി ഹോപ് സെമിട്രിക്ക് സമീപം സാമൂഹ്യ സംഘടനാ നേതാക്കള്‍ ഒത്തു ചേര്‍ന്നു. മക്കള്‍ നഷ്ടപ്പെട്ട മതാക്കള്‍ കല്ലറക്കുസമീപം ദിവസം മുഴുവന്‍ ഇവരോടൊപ്പം ചെലവഴിച്ചു.

ആക്രമണ വലയത്തില്‍നിന്നു യുവജനങ്ങളെ അകറ്റി നിര്‍ത്തുന്നതിന് മാതാക്കള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്ന കമ്യൂണിറ്റി പ്രോഗ്രാമിനെ കുറിച്ച് ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുമെന്നു കമ്യൂണിറ്റി നേതാക്കള്‍ അറിയിച്ചു.

ഭൂരിപക്ഷം വെടിവയ്പുകളും ഗുണ്ടാ സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നതിലൂടെയാണ് സംഭവിക്കുന്നത്. സംഘത്തില്‍ ഉള്‍പ്പെടാത്ത നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയോ, മരണപ്പെടുകയോ ചെയ്യുന്നത് ഇവിടെ സാധാരണമാണ്. കുറ്റകൃത്യങ്ങളുടെ പെരുപ്പത്തില്‍ ഷിക്കാഗോ സിറ്റി വളരെ മുന്‍പന്തിയിലാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍