ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് വിപുലീകരിച്ചു
Monday, May 9, 2016 5:43 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബിന്റെ (ഐഎപിസി) ഡയറക്ടര്‍ ബോര്‍ഡ് വിപുലീകരിച്ചു. ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും ഉള്‍പ്പെടെ 16 ഡയറക്ടര്‍മാരാണ് ഐഎപിസിക്കുള്ളത്.

ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മൂന്നു വര്‍ഷം മുമ്പ് രൂപീകരിച്ച ഐഎപിസി ഇപ്പോള്‍ ശക്തമായ വളര്‍ച്ചയുടെ പാതയിലാണ്. രൂപീകൃതമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ അമേരിക്കയിലും കാനഡയിലുമായി നിരവധി ഐഎപിസി ചാപ്റ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രഗല്ഭ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവര്‍ഷവും നടത്തുന്ന ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സിനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഐഎപിസി.

ഇത്തവണത്തെ കോണ്‍ഫറന്‍സ് കാനഡയിലെ ടൊറേന്റോയില്‍ ഒക്ടോബറില്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാധ്യമ സംരംഭകനുമായ ജിന്‍സ്മോന്‍ പി. സക്കറിയയാണ് ഐഎപിസിയുടെ ചെയര്‍മാന്‍. ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായ ജിന്‍സ്മോന്‍ പി. സക്കറിയ ദൃശ്യമാധ്യമരംഗത്ത് പുതുമകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായി. അമേരിക്കയിലെ പ്രമുഖ ഇംഗ്ളീഷ് പത്രമായ ദി സൌത്ത് ഏഷ്യന്‍ ടൈംസ്ന്റെ മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ജിന്‍സ്മോന്‍ ഇന്തോ-അമേരിക്കന്‍ ലോയേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി, ഇന്തോ- അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി, കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് തുടങ്ങി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന ബ്രോഡ്കാസ്റ് ജേര്‍ണലിസ്റായ വിനീത നായരാണ് വൈസ് ചെയര്‍പേഴ്സണ്‍. കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വിനീത പഠനകാലത്തുതന്നെ മാധ്യമരംഗത്തു സജീവസാന്നിധ്യമായിരുന്നു. ദൂരദര്‍ശന്‍, ഏഷ്യനെറ്റ്, സൂര്യ ടിവി, ഓള്‍ ഇന്ത്യ റേഡിയോ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിരവധി ശ്രദ്ധേയമായ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ മാധ്യമ മേഖലകളില്‍ എഴുത്തുകാരി, എഡിറ്റര്‍, കോപ്പിറൈറ്റര്‍, അവതാരക, റിപ്പോര്‍ട്ടര്‍, ഇന്റര്‍വ്യൂവര്‍, ടോക് ഷോ ഹോസ്റ്, പ്രോഡ്യൂസര്‍, പബ്ളിക്ക് റിലേഷന്‍സ് ഓഫീസര്‍ എന്നീ നിലകളിലും 'വിനി' എന്നറിയപ്പെടുന്ന വിനീത നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പോള്‍ ഡി. പനയ്ക്കലാണ് സെക്രട്ടറി. മലയാള മനോരമ സണ്‍ഡേ സപ്ളിമെന്റ്, വനിത, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ദീപിക, കേരള ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജര്‍മനിയില്‍ നിന്നും പ്രസിദ്ധീകരിച്ച 'എന്റെ ലോകം' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു. മലയാളം യൂറോപ്പില്‍ എന്ന പേരില്‍ ഇദ്ദേഹം രചിച്ച പുസ്തകം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാള അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു വേണ്ടി സാമൂഹ്യ പ്രസക്തിയുള്ള ലേഖനങ്ങളും വാര്‍ത്തകളും ഇദ്ദേഹം എഴുതുന്നുണ്ട്.

മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍:

സുനില്‍ ജോസഫ് കൂഴമ്പാല: മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക പ്രസിദ്ധീകരിക്കുന്ന രാഷ്ട്രദീപിക കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ചിരുന്ന ചില്‍ഡ്രന്‍സ് വേള്‍ഡ് മാസികയുടെ പബ്ളീഷറായിരുന്നു. അമേരിക്കയില്‍ അറിയപ്പെടുന്ന ബിസിനസുകാരനായ ഇദ്ദേഹം മാധ്യമസംരംഭങ്ങളുടെ മാര്‍ഗദര്‍ശി കൂടിയാണ്.

ഷൊമിക്ക് ചൌധരി: ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമരംഗവുമായി രണ്ടു പതിറ്റാണ്േടാളം അടുത്തു പരിചയമുള്ള ഷൊമിക്ക് ചൌധരി. ആറു വര്‍ഷത്തോളം പാരിഖ് വേള്‍ഡ് വൈഡ് മീഡിയയുടെ സിഒഒ ആയിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ആഡ്ഫോഴ്സ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്. ഇന്റര്‍നാഷണല്‍ എന്‍ജിഒയുടെ യുഎന്‍ പ്രതിനിധിയും യുഎന്നിന്റെ റിസോഴ്സ് പേഴ്സണുമാണ്.

ജോസ് തൈയില്‍: അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങളില്‍ ഇന്നു നിലവിലുള്ള ഏക പ്രസിദ്ധീകരണമായ കൈരളി പത്രത്തിന്റെ ചീഫ് എഡിറ്ററാണ് ജോസ് തൈയില്‍. ലോകത്ത് 39 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍കൂടിയാണ് ജോസ് തൈയില്‍.

ഫാ. ജോണ്‍സന്‍ പുഞ്ചകോണം: നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം അച്ചടി, ഓണ്‍ലൈന്‍, ദൃശ്യമാധ്യമങ്ങളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളയാളാണ്. എഴുത്തും ഗ്രാഫിക്സും ഉപയോഗിച്ച് പത്രങ്ങളിലും മാസികകളിലും വിവിധ വിഷയങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്നതില്‍ ഇദ്ദേഹം ഏറെ ശ്രദ്ധേയനാണ്. ഓര്‍ത്തഡോക്സ് ടിവിയുടെ സിഇഒയും ഓപ്പറേഷന്‍സ് മാനേജറുമായി പ്രവര്‍ത്തിക്കുന്ന ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം ജോയി ടിവി നെറ്റ് വര്‍ക്കിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ കൂടിയാണ്.

ആഷ്ലി ജെ.മാങ്ങഴ: പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖരില്‍ ഒരാളായ ആഷ്ലി ജെ.മാങ്ങഴ അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള ജയ്ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്ററാണ്. ജയ്ഹിന്ദ്വാര്‍ത്തയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തനം തുടങ്ങിയ ആഷ്ലി തന്റെ പ്രവര്‍ത്തന മികവു കൊണ്ടാണ് ചീഫ് എഡിറ്റര്‍ പദവിയിലെത്തിയത്. അമേരിക്കയിലെ പ്രമുഖ മലയാളം മാസികയായ അക്ഷരത്തിന്റെ മാനേജിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചു. സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ വിഷയങ്ങളില്‍ ആഷ്ലിയുടേതായി നിരവധി ലേഖനങ്ങളാണ് ഇതിനോടകം തന്നെ അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. റേഡിയോ അവതാരകനായും പ്രവര്‍ത്തിക്കുന്നു.

ഷാജി രാമപുരം: ഒരു ദശാബ്ദമായി അമേരിക്കയില്‍നിന്നുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനാണ് ഷാജി രാമപുരം. നോര്‍ത്ത് അമേരിക്കയിലെയും യൂറോപ്പിലെയും മാര്‍ത്തോമ രൂപതയുടെ മീഡിയ കമ്മറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. ഒപ്പം, ഡിഎഫ് ഡബ്ള്യു പ്രൊവിന്‍സിലെ വേള്‍ഡ്മലയാളി കൌണ്‍സില്‍ പ്രസിഡന്റ്, ഡബ്ള്യുഎംസി അമേരിക്കന്‍ റീജണ്‍ വൈസ്പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്ന ഇദ്ദേഹം കേരളത്തിലും അമേരിക്കയിലുമായി നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജോസ് വി. ജോര്‍ജ്: ജയ്ഹിന്ദ് വാര്‍ത്ത കാനഡയുടെ വൈസ് ചെയര്‍മാനായ ജോസ് വി. ജോര്‍ജ് എഴുത്തുകാരനും കോളമിസ്റുമാണ്. സാമൂഹ്യ പ്രസക്തിയുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ കാനഡയിലെ മലയാളികളുടെ ജീവിത സാഹചര്യങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

രാജു ചിറമണ്ണില്‍: നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമാണ് രാജു ചിറമ്മണ്ണില്‍. അമേരിക്കന്‍ മലയാളികളുടെ നിരവധി പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ എഴുത്തിലൂടെ പുറം ലോകം അറിഞ്ഞിട്ടുണ്ട്. വാര്‍ത്താ എഴുത്തിലും ചെറുകഥാ രചനയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹത്തിന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

ജോര്‍ജ് കൊട്ടാരത്തില്‍: പതിറ്റാണ്ടുകളായി അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജോര്‍ജ് കൊട്ടാരത്തില്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളപത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും അക്ഷരം മാസികയുടെ റിസര്‍ച്ച് എഡിറ്ററുമാണ്. ദൃശ്യമാധ്യമരംഗത്തും വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുണ്ട്.

ബാബു യേശുദാസ്: ജയ്ഹിന്ദ് വാര്‍ത്ത ടെക്സസ് എഡിഷന്റെ റീജണല്‍ ഡയറക്ടറായ ബാബു യേശുദാസ് എട്ടുവര്‍ഷമായി അമേരിക്കയിലെ മാധ്യമരംഗത്തെ സജീവ സാന്നിധ്യമാണ്. അമേരിക്കന്‍ മലയാളികളുടെ നിരവധി പ്രശ്നങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ടെക്സാസ് കേന്ദ്രീകരിച്ചാണ് ബാബു യേശുദാസ് പ്രവര്‍ത്തിക്കുന്നത്.

ഒ.കെ. ത്യാഗരാജന്‍: അച്ചടി, ദൃശ്യമാധ്യമപ്രവര്‍ത്തകനായ ഒ.കെ. ത്യാഗരാജന്‍ കാനഡ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രശസ്ത ടെലിവിഷന്‍ പ്രോഗ്രാമായ കനേഡിയന്‍ കണക്ഷന്റെ സംവിധായകനും എഴുത്തുകാരനുമാണ് ഇദ്ദേഹം. ജയ്ഹിന്ദ് വാര്‍ത്ത കാനഡയുടെ റീജണല്‍ ഡയറക്ടറായ ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എ.സി. ജോര്‍ജ്: മലയാളി പ്രസ്കൌണ്‍സില്‍ പ്രസിഡന്റായ എ.സി. ജോര്‍ജ് മുപ്പത്തിയഞ്ചുവര്‍ഷമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ്. അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാള മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങളാണ് ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. അറിയപ്പെടുന്ന കോളമിസ്റുകൂടിയാണ് എ.സി. ജോര്‍ജ്.

ജോജി കവനാല്‍: ജയ്ഹിന്ദ് വാര്‍ത്തയുടെ റീജണല്‍ ഡയറക്ടര്‍ ആയ ജോജി കവനാല്‍ അമേരിക്കയിലെ പ്രവാസ ലോകത്ത് സാമൂഹ്യ സാംസ്കാരിക സംഘടനാ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.