ജീവിതത്തില്‍ ചിട്ടയും സൂക്ഷ്മതയും പുലര്‍ത്താന്‍ പ്രവാസിക്കാകണം: ഷാഫി മുഹമ്മദ്
Monday, May 9, 2016 4:39 AM IST
റിയാദ്: പ്രവാസത്തിന്റെ നാലതിരുകളില്‍ ഒതുങ്ങിക്കൂടാതെ ജീവിതത്തില്‍ വര്‍ണ്ണോജ്വലമായ അധ്യായങ്ങള്‍ എഴുതി ചേര്‍ക്കാന്‍ പ്രവാസിക്കു കഴിയണമെന്നും ചിട്ടയായ ജീവിത ശൈലി സ്വീകരിച്ചാല്‍ മാത്രമെ അത് സാധ്യമാവുകയുള്ളൂവെന്നും  ഷാഫി ഇന്‍സ്പയേര്‍സ് എന്ന വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ പ്രശസ്തനായ സൈക്കോളജിസ്റ് ഷാഫി മുഹമ്മദ് പറഞ്ഞു.  ആത്മ സംഘര്‍ഷങ്ങളുടെ വിളനിലമാണ് പ്രവാസിയുടെ മനസ്സ്. ശാരീരികവും സാമ്പത്തികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങളെയാണ് അവര്‍ ദൈനംദിനം അഭിമുഖീകരിക്കുന്നത്. പരസ്പരം പങ്കുവയ്ക്കുകയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ തേടുകയും ചെയ്യുന്നതിലൂടെ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ അവര്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി ഇന്‍സ്പയേര്‍സ് ഇന്റര്‍നാഷണല്‍ റിയാദ് ചാപ്റ്റര്‍ റമദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ളാസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നസീര്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. 

സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ പ്രവാസിക്ക് കഴിയേണ്ടതുണ്ട്. ധനവിനിയോഗത്തില്‍ സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ നാമെന്നും പ്രവാസിയായിത്തന്നെ നിലനില്‍ക്കും. അതോടൊപ്പം കുടുംബ ജീവിതത്തില്‍ കരുതലും ശ്രദ്ധയും പുലര്‍ത്താന്‍ അവര്‍ക്കാകണം. മാത്രവുമല്ല ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാനും അവര്‍ക്ക് കഴിയണം. പതിവ് ജീവിത ശൈലിയില്‍ ഒരല്പം മാറ്റം വരുത്താനായാല്‍ ഇതെല്ലാം സാധ്യമാണ്. പ്രവാസിയുടെ ജീവിതത്തെ കുറിച്ചും വിജയ പരാജയങ്ങളെ കുറിച്ചുമെല്ലാം വിശദമായി പഠിക്കാന്‍ എനിക്കായിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് വാട്ട്സ് ആപ്പ് എന്ന സാമൂഹിക മാധ്യമത്തെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതും. ഈ ഗ്രൂപ്പില്‍ അംഗങ്ങളായവരോട് സംവദിക്കുകയെന്നതാണ് എന്റെ കര്‍ത്തവ്യം. പ്രവാസലോകത്താണ് ഇത് വളരെയധികം വേരോടിയത്. അത് കൊണ്ട് തന്നെ പ്രവാസിയെ സംബന്ധിക്കുന്ന ഒട്ടേറെ വിഷയങ്ങളില്‍ പരിഹാരം കാണാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിഞ്ഞു. പ്രവാസിയുടെ ആരോഗ്യം, തൊഴില്‍, ധനവിനിയോഗം, കുടുംബ ജീവിതം എന്നിങ്ങനെ സമസ്ത മേഖലകളിലെയും പ്രശ്നങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുകയും പരിഹാരം നിര്‍ദ്ദേശിക്കുയും ചെയ്തിട്ടുണ്ട്.  യു.എ.ഇയില്‍ നിന്നാരംഭിച്ച് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷാഫി ഇന്‍സ്പയേര്‍സിനു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്െടന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ശിവന്‍ നിലമ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഉബൈദ് എടവണ്ണ അവതാരകനായിരുന്നു. അബ്ദുറഹ്മാന്‍ ഫറോക്ക്, യൂനൂസ് കൊടിഞ്ഞി, അമീര്‍ കൊയ്വിള, അനസ് പടിക്കപ്പറമ്പില്‍, ഷഫീഖ് പൊന്നാനി എന്നിവര്‍ക്കുള്ള ഷാഫി ഇന്‍സ്പയേര്‍സിന്റെ എക്സലസ്ന്‍സ് അവാര്‍ഡ് ഷാഫി മുഹമ്മദ് സമ്മാനിച്ചു. ശിഹാബ് കൊട്ടുകാട്, ലത്തീഫ് തെച്ചി, അലി ആലുവ, ശാഫി കണ്ണൂര്‍, ജോബി ചുമ്മാര്‍ സംബന്ധിച്ചു. സല്‍മാന്‍ തൊറോപ്പ് സ്വാഗതം പറഞ്ഞു. റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നേരത്തെ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതുതായി ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി പ്രത്യേക ക്ളാസും സംഘടിപ്പിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍