കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ 'മഴവില്ലിന് എത്ര നിറം' പുസ്തകം പ്രകാശനം ചെയ്തു
Monday, May 9, 2016 4:38 AM IST
ഹൂസ്റന്‍: ഹൂസ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരള റൈറ്റേഴ്സ് ഫോറം അതിന്റെ 2016ലെ ആദ്യ സാഹിത്യ സമാഹാരമായ 'മഴവില്ലിന് എത്ര നിറം' എന്ന പുസ്തകം പ്രകാശനം ചെയ്തു. മേയ് ഒന്നാം തീയതി വൈകുന്നേരം ഹൂസ്റനിലെ സ്റാഫോര്‍ഡിലുള്ള ദേശി റസ്റോറന്റ് ഓഡിറ്റോറിയത്തില്‍ കേരള റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്നിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മേയ് ദിനത്തിന്റെ പ്രത്യേകതയായ അന്താരാഷ്ട്ര തൊഴിലാളികള്‍ക്ക് പ്രണാമവും അഭിവാദനവും നേരുകയും, ഈയിടെ അന്തരിച്ച പ്രസിദ്ധ കാര്‍ട്ടൂണിസ്റ് ടോംസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. അക്ഷരങ്ങളുടെ മഹത്വത്തിന് അടിവരയിട്ടുകൊണ്ടു കേരള റൈറ്റേഴ്സ് ഫോറം അതിന്റെ പ്രയാണം തുടരുകയാണെന്നു മാത്യു നെല്ലിക്കുന്ന് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

ജോണ്‍ മാത്യു സ്വാഗത പ്രസംഗം നടത്തി. കേരളാ റൈറ്റേഴ്സ് ഫോറം സെക്രട്ടറി ദേവരാജ് കാരാവള്ളില്‍ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു. തുടര്‍ന്ന് കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ 2016ലെ ആദ്യത്തെ സൃഷ്ടി, സാഹിത്യ വിഭവങ്ങളടങ്ങിയ 'മഴവില്ലിന് എത്ര നിറം' എന്ന ശീര്‍ഷകത്തിലുള്ള പുസ്തകം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് ഫോര്‍ട്ട് ബെന്റ് സ്കൂള്‍ ബോര്‍ഡ് അംഗമായ കെ.പി. ജോര്‍ജിന് നല്‍കി പ്രകാശനം നടത്തി. ഗ്രെയിറ്റര്‍ ഹൂസ്റനിലെ എഴുത്തുകാരുടെ കഥ, കവിത, ലേഖനം, നിരൂപണം, ആസ്വാദനം തുടങ്ങിയ ശാഖയിലെ 33 രചനകള്‍ അടങ്ങിയതാണ് ഈ പുസ്തകം.

ഡോ. വേണുഗോപാലമേനോന്‍ അദ്ദേഹത്തിന്റെ ആത്മകഥ 'മൈ മദര്‍ കാള്‍ഡ് മി ഉണ്ണി'
എന്ന ഗ്രന്ഥത്തേയും ജോണ്‍ മാത്യു തന്റെ കൃതിയായ 'വൈരുധ്യാത്മക വിപ്ളവം' എന്ന പുസ്തകത്തേയും കുറിച്ച് സംസാരിച്ചു.

എ.സി. ജോര്‍ജ്, ജോസഫ് പൊന്നോലി, തോമസ് ഈശോ, ജോര്‍ജ് പാംസ്, അനില്‍കുമാര്‍ ആറന്മുള, ബി. ജോണ്‍ കുന്തറ, ബാബു കുരവക്കല്‍, വല്‍സന്‍ മഠത്തിപറമ്പില്‍, അറ്റോര്‍ണി മാത്യു വൈരമണ്‍, മോട്ടി മാത്യു തുടങ്ങിയവര്‍ റൈറ്റേഴ്സ് ഫോറത്തില്‍ പരാമര്‍ശിക്കപ്പെട്ട പുതിയ പുസ്തകങ്ങളെ ആധാരമാക്കി ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഈശൊ ജേക്കബ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ഹൂസ്റനിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നവരുമായ ജോസഫ് മണ്ടപം, എഡ്വിന്‍ തോമസ്, അലക്സാണ്ടര്‍ തോമസ്, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, മേരി കുരവക്കല്‍, ചാക്കോ തോമസ്, ഇന്ദ്രജിത് നായര്‍, പി.റ്റി. ജോസഫ് തുടങ്ങിയവരും യോഗത്തില്‍ ആദ്യാവസാനം പങ്കെടുത്തു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്