ഫൊക്കാന പ്രവര്‍ത്തകര്‍ സൌഹൃദ സന്ദേശവുമായി ന്യൂയോര്‍ക്കില്‍
Sunday, May 8, 2016 7:07 AM IST
യോങ്കേഴ്സ്: മൂന്നു പതിറ്റാണ്ടുകളായി അമേരിക്കന്‍ പ്രവാസി മലയാളികളെ സൌഹൃദത്തിന്റെ കണ്ണികളാല്‍ ഒരുമിപ്പിച്ച ഫൊക്കാന, വരും കാലങ്ങളിലും പ്രവാസി മലയാളികളുടെ ഏകസ്വരമായി നിലനിര്‍ത്തുവാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നു യോങ്കേഴ്സില്‍ കൂടിയ ഒരുകൂട്ടം ഫൊക്കാന പ്രവര്‍ത്തകര്‍ പ്രതിഞ്ജയെടുത്തു.

യോഗത്തില്‍ തലമുതിര്‍ന്ന നേതാക്കളും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്തു. ഹഡ്സണ്‍വാലി മലയാളി അസോസിയേഷന പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍, കേരള കള്‍ചറല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വര്‍ഗീസ് ചുങ്കത്തില്‍, കെ.പി. ആന്‍ഡ്രൂസ്, ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ ഓഫ് യോങ്കേഴ്സ് പ്രസിഡന്റ് രാജു സക്കറിയ തുടങ്ങി ഫൊക്കാന അംഗസംഘടനകളിലെ നിരവധി പ്രമുഖരും പങ്കെടുത്തു.

ചടങ്ങില്‍ സംസാരിച്ച ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന തമ്പി ചാക്കോ, ഫൊക്കാനയിലെ ഐക്യത്തിനും സൌഹൃദത്തിനും ഊന്നല്‍ കൊടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നതെന്നു വിശദീകരിച്ചു. അംഗസംഘടനകള്‍ക്ക് പരസ്പരം സഹായിക്കുവാനും കൂടുതല്‍ സാഹചര്യമൊരുക്കുവാനുള്ള വേദിയായിരിക്കും വിഭാവനം ചെയ്യുന്നതെന്നും തമ്പി ചാക്കോ യോഗത്തെ അറിയിച്ചു.

അംഗ ശക്തിയാണ് സംഘടനയുടെ ശക്തി. അംഗ സംഘടനയുടെ ഐക്യമാണ് ഫൊക്കാനയിലെ ഐക്യം. സമചിത്തതയോടും ദീര്‍ഘവീഷണവുമായിരിക്കണം പ്രവര്‍ത്തനങ്ങളുടെ ആധാരശില. പ്രവാസി സമൂഹത്തെ കോര്‍ത്തിണക്കുന്ന സൌഹൃദത്തിന്റെ കണ്ണിയായി ഫൊക്കാന വളരണമെന്ന പ്രത്യാശയോടെ യോഗം അവസാനിച്ചു.

റിപ്പോര്‍ട്ട്: സുധ കര്‍ത്ത