ടൊറേന്റോയില്‍ ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ്
Sunday, May 8, 2016 6:55 AM IST
ടൊറേന്റോ: കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ നടത്തുന്ന 28-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മേയ് 28, 29 തീയതികളില്‍ ടൊറേന്റോയിലെ സെനീക്കാ കോളജില്‍ നടക്കും.

മലയാളി വോളിബോള്‍ പ്രേമികള്‍ക്ക് നൊമ്പരമായി അകാലത്തില്‍ വേര്‍പിരിഞ്ഞ ഇന്ത്യയുടെ അപൂര്‍വ വോളിബോള്‍ പ്രതിഭ ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി നടത്തുന്നതാണ് ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ടൊറോന്റോ സ്റാലിയന്‍സ് ടീമാണ്.

28നു (ശനി) രാവിലെ ഒമ്പതിനു മാര്‍ച്ച് ഫാസ്റ്റോടുകൂടി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യപ്പെടും. അമേരിക്കയിലും കാനഡയില്‍ നിന്നുമുള്ള 12 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഷിക്കാഗോ, ന്യൂയോര്‍ക്ക് ഡാളസ്, ടൊറോന്റോ-ബി ടീമുകള്‍ പൂള്‍ ഏയിലും ബഫല്ലോ, ടൊറോന്റോ -എ, ഫിലഡല്‍ഫിയ, നയാഗ്രാ എന്നീ ടീമുകള്‍ പൂള്‍ ബിയിലും, ടാമ്പാ, ഡിട്രോയിറ്റ്, വാഷിംഗ്ടണ്‍, ന്യൂജേഴ്സി ടീമുകള്‍ പൂള്‍ സിയിലുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

പ്രിലിമിനറി റൌണ്ടിലെ പോയിന്റിന്റെ അടിസ്ഥാനത്തില്‍ ഓരോ പൂളില്‍ നിന്നും രണ്ടു ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും. ആദ്യ റൌണ്ടില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റു നേടിയ രണ്ടു ടീമുകള്‍ നേരിട്ട് സെമിയിലേക്ക് അര്‍ഹത നേടും. ടൂര്‍ണമെന്റിന്റെ ഭാഗമായി 18 വയസില്‍ താഴെയുള്ള യുവാക്കള്‍ക്കും 40 വയസിനു മേലുള്ള ടൂര്‍ണമെന്റിലെ മുന്‍ കളിക്കാര്‍ക്കുമായി പ്രത്യേക മത്സരങ്ങളും നടത്തപ്പെടും. ടീം അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കുമുള്ള താമസസൌകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത് ടൊറേന്റോയിലെ 1750 ഫിന്‍ജ് അവന്യൂവിലുള്ള സെനീക്ക കോളജ് ന്യൂന്‍ഹാന്‍ കാമ്പസിലാണ്.

ടോം കാലായില്‍ ഷിക്കാഗോ (ചെയര്‍മാന്‍), തോമസ് ഫിലിപ്പ് ഡാളസ്, മാത്യൂ ചെരുവില്‍ ഡിട്രോയിറ്റ്, ഷെരീഫ് അലിയാര്‍ ഫിലഡല്‍ഫിയ, ബാബു തീയാഡിക്കല്‍ ന്യൂയോര്‍ക്ക്, ജയിംസ് ഇല്ലിക്കല്‍ ടാമ്പാ, മാത്യു സക്കറിയ ന്യൂജേഴ്സി, ഷോണ്‍ ജോസഫ് ടൊറേന്റോ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് കെവിഎന്‍എന്‍എയുടെ സാരഥികള്‍. ഷോണ്‍ ജോസഫ്, ജോ കോട്ടൂര്‍, പിസ് പുരയ്ക്കല്‍ എന്നിവരാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. ജയ് കാലായില്‍ ഷിക്കാഗോ, പ്രസാദ് ഏബ്രഹാം ഡാളസ് എന്നിവര്‍ മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍മാരായിരിക്കും.

ടൂര്‍ണമെന്റിന്റെ ഭാഗമാകുവാനും പ്രതിഭാശാലികളായ നമ്മുടെ യുവാക്കള്‍ക്ക് ആവേശം പകരുവാനുമായി എല്ലാ മലയാളി സഹോദരങ്ങളേയും കായിക മാമാങ്കത്തിലേയ്ക്ക് ടൂര്‍ണമെന്റ് കമ്മിറ്റി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം