ജന്മനാ കൈപ്പത്തിയില്ലാത്ത പെണ്‍കുട്ടി കയ്യെഴുത്തു മത്സരത്തില്‍ വിജയിയായി
Saturday, May 7, 2016 5:10 AM IST
വിര്‍ജീനിയ: കൈപത്തിയില്ലാതെയാണ് ജനനമെങ്കിലും അമ്പതു വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തി നാഷണല്‍ പെന്‍മാന്‍ഷിപ്പ് കൈയ്യെഴുത്ത് മത്സരത്തില്‍ ഏഴു വയസുളള അനയാ എല്ലിക്ക് വിജയിയായി. ചെസ് പിക്ക് ക്രിസ്ത്യന്‍ അക്കാദമിയിലെ ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് അനയ.

അനയക്ക് ചെയ്യുവാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ലെന്ന് അനയയെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിച്ച അക്കാദമി പ്രിന്‍സിപ്പലായ ഗ്രേയ്സി കോക്സ് പറഞ്ഞു. കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ എട്ടാം ഗ്രേഡ് വരെയുളളവരാണ് കയ്യെഴുത്തു മത്സരത്തില്‍ പങ്കെടുത്തത്.

കൃത്രിമ കൈകള്‍ ഇല്ലാതെ കൈ തണ്ടയ്ക്കിടയില്‍ പെന്‍സില്‍ വെച്ചാണ് സ്പെഷ്യല്‍ നീഡ്സ് കാറ്റഗറിയില്‍ ഉണ്ടായിരുന്ന അമ്പതു മത്സരാര്‍ത്ഥികളെ പിന്തളളി അനയ വിജയ കിരീടം അണിഞ്ഞത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നും ജീവിക്കണമെന്നും ആഗ്രഹിക്കുന്ന അനയ കഠിന പരിശ്രമത്തിലൂടെയാണ് തനിക്കുളള അംഗവൈകല്യത്തെ അനുഗ്രഹമാക്കി മാറ്റിയത്.

അനയക്ക് മത്സരത്തില്‍ സമ്മാനമായി ലഭിച്ചത് ആയിരം ഡോളറാണ്. കൈകളില്ലാതെ വിമാനം പറത്തുന്ന 30 വയസുളള പൈലറ്റ് ജസിക്ക കോക്സാണ് അനയക്ക് മാതൃകയായി മാറിയത്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍