ഹൂസ്റണ്‍ തിരുവല്ല യുഡിഎഫ് കണ്‍വന്‍ഷന്‍ നടത്തി
Friday, May 6, 2016 5:00 AM IST
ഹൂസ്റണ്‍: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഭരണ ത്തുടര്‍ച്ചയുണ്ടാകുമെന്നും, തിരുവല്ലയിലെ യുഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ഥി ജോസഫ് എം. പുതുശേരിയുടെ വിജയം സുനിശ്ചിതമാണെന്നും ഹൂസ്റണില്‍ ഒത്തുകൂടിയ തിരുവല്ല മണ്ഡലനിവാസികളായ യുഡിഎഫ് പ്രവര്‍ത്തകര്‍ വിലയിരുത്തി.

മെയ് ഒന്നിനു ഞായറാഴ്ച വൈകുന്നേരം ആറിനു ദേശി റസ്ററന്റില്‍ കൂടിയ യോഗത്തില്‍ ഉമ്മന്‍ തോമസ് തിരുവല്ല സ്വാഗതം ആശംസിച്ചു.

തിരുവല്ലായിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ജോസഫ് എം. പുതുശേരി ടെലിഫോണില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. പ്രവാസികള്‍ക്കുവേണ്ടി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ എടുത്തു കാട്ടിയ തന്റെ പ്രസംഗത്തില്‍ ഹൂസ്റണിലെ എല്ലാ തിരുവല്ലാ നിവാസികളുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു. ഏറ്റുമാനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും ടെലിഫോണില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

തോമസ് ചാഴിക്കാടന്റെ സഹോദരനും ഹൂസ്റണിലെ സാംസ്കാരിക പ്രവര്‍ത്തകനുമായ പീറ്റര്‍ ചാഴികാടന്‍, മാധ്യമ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ ജീമോന്‍ റാന്നി, മാധ്യമപ്രവര്‍ത്തകന്‍ ഈശോ ജേക്കബ്, ദാനിയേല്‍ ചാക്കോ (അനിയന്‍) തുടങ്ങിയവര്‍ സംസാരിച്ചു.

തിരുവല്ലാ നിയോജകമണ്ഡലത്തിലെ നാളിതുവരെയുളള തിരഞ്ഞെടുപ്പുകളുടെ ചരിത്രം വരച്ചു കാട്ടിയായിരുന്നു പ്രസംഗങ്ങള്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചുവെന്നും അത് കൃത്യമായും വോട്ടായി മാറുമെന്നും യോഗം വിലയിരുത്തി. മറിയാമ്മ ഉമ്മന്‍ കൃതജ്ഞത പറഞ്ഞു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍