മാനസികനില തെറ്റി മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്െടത്തിയ തമിഴ്നാട്ടുകാരിയെ രക്ഷപ്പെടുത്തി
Thursday, May 5, 2016 6:26 AM IST
ദമാം: സ്പോന്‍സര്‍ മരുഭൂമിയില്‍ ഉപേക്ഷിച്ച മാനസികനില തെറ്റിയ വീട്ടുജോലിക്കാരിയെ സൌദി പോലീസും നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരും ചേര്‍ന്നു രക്ഷപ്പെടുത്തി വനിതാ തര്‍ഹീലില്‍ എത്തിച്ചു.

തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരിയെ മാനസികനില തെറ്റി അവശയായ നിലയില്‍, പട്രോളിംഗിനു പോയ സൌദി പോലീസുകാരാണ് ദമാമില്‍നിന്ന് അകലെ മരുഭൂമിയില്‍ കണ്െടത്തിയതും തുര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ആഹാരമോ വെള്ളമോ കിട്ടാതെ ദയനീയാവസ്ഥയില്‍, ഒരു കീറിയ വസ്ത്രം മാത്രം ധരിച്ചിരുന്ന അവര്‍ക്ക് സ്വന്തം പേരു പോലും ഓര്‍മ ഇല്ലായിരുന്നു.

ആശുപത്രി അധികൃതര്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയും ഇന്ത്യന്‍ എംബസി വോളന്റീറുമായ മഞ്ജു മണിക്കുട്ടനെ അറിയിച്ചതിനെത്തുടര്‍ന്നു മഞ്ജുവും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരുമായ ഉണ്ണി പൂചെടിയല്‍, മണിക്കുട്ടന്‍ എന്നിവരും ആശുപത്രിയില്‍ എത്തി അവരെ സന്ദര്‍ശിച്ചു. മറവി മൂലം പ്രതികരിക്കാന്‍ ശേഷിയില്ലാതിരുന്ന യുവതിയുടെ പക്കല്‍ ഉണ്ടായിരുന്ന ചില രേഖകള്‍ ഉപയോഗിച്ച്, ജവാസത്തുമായി ബന്ധപ്പെട്ട് സ്പോണ്‍സറുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കണ്െടത്തി.

പേര് വേലു ഉത്തരംബാള്‍ എന്നാണെന്നും ചെന്നൈ സ്വദേശിനിയാണ് എന്നും തിരിച്ചറിഞ്ഞു. അവര്‍ക്ക് കുളിക്കാനും ആഹാരം കഴിക്കാനും സൌകര്യം ഒരുക്കിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍, ധരിക്കുവാന്‍ അത്യാവശ്യം വസ്ത്രങ്ങളും നല്‍കിയ ശേഷം മാനസികനിലയില്‍ നല്ല പുരോഗതി ഉണ്ടായപ്പോള്‍ വനിതാ തര്‍ഹീലില്‍ എത്തിച്ചു.

നവയുഗം പ്രവര്‍ത്തകരും സൌദി പോലീസും പല തവണ സ്പോണ്‍സറെ ബന്ധപ്പെട്ടങ്കിലും ഒരു പ്രതികരണവും കിട്ടിയില്ല. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് അവര്‍ക്ക് ഔട്ട്പാസ് എടുത്ത്, തര്‍ഹീല്‍ അധികൃതരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് കയറ്റി വിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

വേലു ഉത്തരംബാളിന്റെ ഏതെങ്കിലും പരിചയക്കാര്‍ സൌദിയിലോ, നാട്ടിലോ ഉണ്െടങ്കില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുമായോ, ഇന്ത്യന്‍ എംബസിയുമായോ, വനിതാ തര്‍ഹീല്‍ അധികാരികളുമായോ ബന്ധപ്പെട്ടാല്‍ അവരെ നാട്ടിലേയ്ക്ക് കൊണ്ടു പോകുന്ന കാര്യം കൂടുതല്‍ വേഗത്തില്‍ നടക്കും. ഇക്കാര്യത്തില്‍ പ്രവാസലോകത്തിന്റെയും മാധ്യമങ്ങളുടെയും സഹായം നവയുഗം അഭ്യര്‍ഥിക്കുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം