ഒക്ലഹോമ ഗവര്‍ണര്‍ മേരി ഫാളിന്‍ വൈസ് പ്രസിഡന്റാകാന്‍ സാധ്യത
Thursday, May 5, 2016 6:22 AM IST
ഒക്ലഹോമ: ഗവര്‍ണര്‍ മേരി ഫാളിന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ എന്‍ഡോഴ്സ് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നീണ്ട മാസങ്ങളുടെ നിശബ്ദതയ്ക്കുശേഷമുള്ള ഗവര്‍ണറുടെ പ്രഖ്യാപനം രാഷട്രീയ വൃത്തങ്ങളെ അദ്ഭുതപ്പെടുത്തി.

ഇന്ത്യാന തെരഞ്ഞെടുപ്പില്‍ ട്രംപ് വന്‍ വിജയം നേടുകയും ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസും ഒഹായൊ ഗവര്‍ണര്‍ ജോണ്‍ കേസിക്കും മത്സര രംഗത്തു നിന്നും പിന്മാറുകയും ചെയ്തതോടെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ ഐക്യം പുനഃസ്ഥാപിക്കപ്പെടണമെന്ന തിരിച്ചറിവാണു ട്രംപിനെ എന്‍ഡോഴ്സ് ചെയ്യുന്നതിന് ഒക്ലഹോമ ഗവര്‍ണറെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

താന്‍ നൂറുശതമാനവും ട്രംപിനെ പിന്താങ്ങുന്നുവെന്നു മേരി ഫാളിന്‍ പറഞ്ഞു. രാജ്യത്ത് വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും കണ്‍സര്‍വേറ്റീവ് പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടേണ്ടത് ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഇതോടെ ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മേരി ഫാളിനെ തെരഞ്ഞെടുക്കുമെന്നുളള അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടു. ഇന്ത്യാന തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ട്രംപ് വൈറ്റ് ഹൌസ് ലക്ഷ്യമാക്കിയുളള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തി.

അതേ സമയം ഡമോക്രാറ്റ്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരിയുടെ ഇന്ത്യാനയിലെ പരാജയം ഇതുവരെ നില നിര്‍ത്തിയിരുന്ന തിളക്കത്തിനു മങ്ങലേല്‍പ്പിച്ചു. പ്രൈമറി തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തിയാല്‍ ട്രംപിനു ലഭിക്കുന്ന അപ്രതീക്ഷിത പിന്തുണ നവംബറില്‍ ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍