സപ്നാ ഷാ ന്യൂജേഴ്സി സിറ്റി അസംബ്ളിയിലേക്കു മത്സരിക്കുന്നു
Thursday, May 5, 2016 6:21 AM IST
ന്യൂജേഴ്സി: എഡിസണ്‍ സിറ്റി കൌണ്‍സില്‍ അംഗമായ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്നാ ഷാ (39) ന്യൂജേഴ്സി അസംബ്ളി തെരഞ്ഞെടുപ്പില്‍ 18-ാമത്തെ ഡിസ്ട്രിക്ടില്‍നിന്നു മത്സരിക്കുന്നതിനുളള ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചു.

മിഡില്‍ സെക്സ് കൌണ്ടിയിലെ ജനങ്ങളുടെ സുരക്ഷിതത്വവും പുരോഗതിയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണു മത്സരരംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതെന്നു സപ്നാ ഷാ പറഞ്ഞു.

ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റി ഇപ്പോള്‍ നിലവിലുളള അസംബ്ളി മെംബര്‍ പീറ്റര്‍ ജെ. ബാര്‍ണീസിനെ സ്റേറ്റ് സുപ്പീരിയര്‍ കോര്‍ട്ടിലേക്കു നോമിനേറ്റ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണു മത്സരം.

എഡിസണ്‍ സിറ്റി കൌണ്‍സിലില്‍ 2014 മുതല്‍ അംഗമായ സപ്ന ഈ സീറ്റിന് തികച്ചും അര്‍ഹതയുണ്െടന്നാണു കമ്യൂണിറ്റി വക്താക്കള്‍ അഭിപ്രായപ്പെട്ടത്. ഒഴിവുവന്ന അസംബ്ളി സീറ്റിലേക്കു ഡെമോക്രാറ്റുകള്‍ പലരേയും നിര്‍ദ്ദേശിക്കുന്നുണ്െടങ്കിലും ഇവരുടെ മുന്‍പന്തിയില്‍ എത്തുന്നതിനുളള ശ്രമങ്ങള്‍ നടത്തുമെന്നു സപ്ന പറയുന്നു.

സിറ്റി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍, ടൌണ്‍ഷിപ്പ് പ്ളാനിംഗ് ബോര്‍ഡ് എന്നിവയില്‍ പ്രവര്‍ത്തിച്ചു കഴിവു തെളിയിച്ച സ്പനയുടെ വിജയത്തിനായി ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് നിരവധി ഇന്ത്യന്‍ വംശജര്‍ രംഗ പ്രവേശനം ചെയ്യുന്നുവെന്നുളളത് അഭിമാനാര്‍ഹമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍