കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷനു കനേഡിയന്‍ മന്ത്രിയുടെ അഭിനന്ദനവും പിന്തുണയും
Thursday, May 5, 2016 6:16 AM IST
മിസിസൌഗ: കാനഡയിലെ മലയാളി നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സിഎംഎന്‍എയുടെ (കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്‍) വാര്‍ഷിക ഡിന്നറും റക്കഗ്നേഷന്‍ നൈറ്റും ഏപ്രില്‍ 23-നു മിസിസാഗായിലെ നടരാജ് ബാങ്ക്വറ്റ് ഹാളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

ട്രില്യന്‍ ഗിഫ്റ്റ് ഓഫ് ലൈഫ് നെറ്റ് വര്‍ക്കിന്റെ ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേഷനോടുകൂടി ആരംഭിച്ച പരിപാടിയില്‍ നഴ്സുമാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നാനൂറോളം പേര്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ റെക്കഗ്നേഷന്‍ നൈറ്റിന്റെ മാറ്റുകൂട്ടി. പങ്കെടുത്തവര്‍ക്കുവേണ്ടി വ്യത്യസ്ത ഗെയിമുകളും കുട്ടികള്‍ക്കുവേണ്ടി നടത്തിയ ഫെയ്സ് പെയിന്റിംഗും എല്ലാവരും ആസ്വദിച്ചു.

കാനഡയില്‍ ആരോഗ്യമേഖലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഫിലോമിന ജോസ്, ഏലിയാമ്മ രാജന്‍, മറിയാമ്മ വര്‍ഗീസ്, ലീല വര്‍ഗീസ്, അനിത ചക്കുങ്കല്‍, മറിയാമ്മ കുര്യന്‍ എന്നീ നഴ്സുമാര്‍ ഹോണറബില്‍ ഫെഡറല്‍ മിനിസ്റര്‍ ജോണ്‍ മക്കല്ലത്തില്‍നിന്നു ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ സ്വീകരിച്ചതിനോടൊപ്പം വെരി റവ. പി.സി. സ്റീഫന്‍ കോര്‍എപ്പിസ്കോപ്പ മെമ്മോറിയല്‍ ബെനിഫാക്ഷന്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഇന്റര്‍നാഷണല്‍ സ്റുഡന്റ്സിന്റെ ഇമിഗ്രേഷന്‍ പിആര്‍ പ്രോസസ് ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് സിഎംഎന്‍എയുടെ ആഭിമുഖ്യത്തില്‍ തയാറാക്കിയ മെമ്മോറാണ്ടം മന്ത്രി ജോണ്‍ മക്കല്ലത്തിനു അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സെബാസ്റ്യന്‍ തൊട്ടിയാല്‍ ജോണി സമര്‍പ്പിച്ചു. തുടര്‍ന്നു മന്ത്രി ഇന്റര്‍നാഷണല്‍ സ്റുഡന്റ് കാനഡയില്‍ പിആര്‍ നേടുന്നതിനു ഏറ്റവും യോഗ്യതയുള്ളവരും ഇംഗ്ളീഷ് ഭാഷയില്‍ പരിജ്ഞാനമുള്ളവരുമാണെന്നും ഈ ഗവണ്‍മെന്റിനു കഴിയാവുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും പറഞ്ഞു.

സിഎംഎന്‍എ പ്രസിഡന്റ് അനു സ്റീഫന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷീല ജോണ്‍, എം.ജി. ജോര്‍ജ് (വൈസ് പ്രസിഡന്റ് കമ്യൂണിക്കേഷന്‍സ് മാര്‍ക്കം യൂണിയന്‍ വില്ല ലിബറല്‍ റൈഡിംഗ് അസോസിയേഷന്‍), ഫാ. ചെറിയാന്‍ പൌലോസ് (വികാരി, സെന്റ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ബ്രാംപ്ടണ്‍), ഫിലിപ്പ് വരിക്കാനിക്കല്‍ (ബാരിസ്റര്‍ ആന്‍ഡ് സോളിസിറ്റര്‍), ജിജോ സ്റീഫന്‍ (പിആര്‍ഒ, സിഎംഎന്‍എ) എന്നിവര്‍ സംസാരിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം