മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍
Wednesday, May 4, 2016 6:06 AM IST
ബംഗളൂരു: സംസ്ഥാനത്തുടനീളം മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ അറിയിച്ചു. ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം അടുത്തയാഴ്ച മൈസൂരു താലൂക്കിലെ സിദ്ധരാമണഹുണ്ടിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വഹിക്കും. പൊതു ആരോഗ്യകേന്ദ്രങ്ങളിലൂടെ രോഗികള്‍ക്ക് മികവുറ്റ ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്െടന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സേവനം നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. 168 ആശാ വര്‍ക്കര്‍മാരെ പുതുതായി നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ ഒഴിഞ്ഞുകിടക്കുന്ന മെഡിക്കല്‍ തസ്തികകള്‍ നികത്തുന്നതിന്റെ ഭാഗമായി സ്ഥിരനിയമനങ്ങള്‍ നടത്തുന്നുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രാമീണ സേവനം നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് നീക്കാനായി അപ്പീല്‍ നല്കുമെന്നും മന്ത്രി വ്യക്തമാക്കി.