കോളജ് കാമ്പസില്‍ തോക്കു കൊണ്ടുവരുന്നതിനു അനുമതി നല്‍കുന്ന ബില്‍ ഗവര്‍ണര്‍ വീറ്റോ ചെയ്തു
Wednesday, May 4, 2016 5:50 AM IST
ജോര്‍ജിയ: ജോര്‍ജിയ കോളജ് കാമ്പസുകളില്‍ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്ന ബില്‍ ഗവര്‍ണര്‍ നെയ്ഥന്‍ ഡീല്‍ വീറ്റോ ചെയ്തു.

ചില നിയന്ത്രണങ്ങളോടെ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചു കണ്‍സര്‍വേറ്റീവ്സും സെക്കന്റ് അമന്റ്മെന്റ് ആക്ടിവിസ്റും ചേര്‍ന്ന് അംഗീകരിച്ച ഹൌസ് ബില്‍ (859) റിപ്പബ്ളിക്കന്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കാതെ തിരിച്ചയ്ക്കുകയായിരുന്നു.

യൂണിവേഴ്സിറ്റി സിസ്റം ഓഫ് ജോര്‍ജിയ ചാന്‍സലര്‍, യൂണിവേഴ്സിറ്റി ഓഫ് ജോര്‍ജിയ പ്രസിഡന്റുമാര്‍, ജോര്‍ജിയ ടെക്ക് പ്രസിഡന്റ് എന്നിവര്‍ ബില്‍ അംഗീകരിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ഉത്തരവാദിത്വം പോലീസ് നിറവേറ്റുക എന്നത് അസാധ്യമായി തീരുമെന്നാണ് അഭിപ്രായപ്പെട്ടത്.

21 വയസ് മുതലുളള വിദ്യാര്‍ഥികള്‍ക്കു കണ്‍സീല്‍ഡ് ഗണ്‍ ഡോര്‍മിറ്ററീസുകള്‍ ഒഴികെ പബ്ളിക് യൂണിവേഴ്സിറ്റി കാമ്പസില്‍ എവിടേയും കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്നതായിരുന്നു ഗവര്‍ണര്‍ വീറ്റോ ചെയ്ത ബില്‍.

റിപ്പബ്ളിക്കന്‍ ഗവര്‍ണറുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാഗ്വാദങ്ങള്‍ ചൂടു പിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികള്‍ കാമ്പസില്‍ തോക്ക് കൊണ്ടുവരുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണു വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍