സ്നേഹ സംഗമങ്ങള്‍ സംഘടിപ്പിച്ചു
Wednesday, May 4, 2016 5:50 AM IST
മസ്ക്കറ്റ് : സൌഹൃദങ്ങളുടെ നൊസ്റാള്‍ജിയ എന്ന സന്ദേശത്തില്‍ റിസാല സ്റഡി സര്‍ക്കിള്‍ സ്നേഹ സംഗമങ്ങള്‍ സംഘടിപ്പിച്ചു. മസ്ക്കറ്റ്, സലാല, സീബ്, ബര്‍ക്ക, സോഹാര്‍, ബുറൈമി തുടങ്ങി രാജ്യത്ത് ഒമ്പതിടങ്ങളിലാണു സ്നേഹസംഗമങ്ങള്‍ സംഘടിപ്പിച്ചത്.

വിവിധ മത, സാമൂഹിക, സാംസ്കാരിക പ്രതിനിധികള്‍ പങ്കെടുത്ത സംഗമത്തില്‍ സൌഹൃദ സംവാദങ്ങള്‍, കലാപരിപാടികള്‍, പഴമയെ ഓര്‍മിപ്പിക്കുന്ന ഗൃഹാതുര അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പ്രത്യേക സെഷനുകള്‍ സംഘടിപ്പിച്ചു.

അസഹിഷ്ണുതയും ഭീകര പ്രവര്‍ത്തനങ്ങളും സൌഹൃദങ്ങളില്‍ സംശയം കലര്‍ത്തുന്ന കാലത്ത് മതവിശ്വാസത്തിന്റെ മേല്‍വിലാസത്തില്‍ നിന്നുകൊണ്ടു തന്നെ സൌഹാര്‍ദത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫില്‍ 60 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സ്നേഹസംഗമങ്ങളുടെ ഭാഗമായാണ് രാജ്യത്ത് സ്നേഹ സംഗമങ്ങള്‍ സംഘടിപ്പിച്ചത്.

സൌഹൃദത്തിന്റെ ഇന്നലെകളെ ഓര്‍മിച്ച് സ്നേഹത്തിന്റെ ആഴം സ്വയം ബോധ്യപ്പെടുകയും സമൂഹത്തോടു പറയുകയും ചെയ്യുന്ന വിവിധ പരിപാടികളുടെ സമാപനത്തിലാണു സ്നേഹസംഗമങ്ങള്‍ നടത്തിയത്.

യൂണിറ്റുകളില്‍ ഗൃഹാതുര സമ്മേളനം, സ്നേഹ വിരുന്ന്, സ്നേഹസവാരി, സൌഹൃദ സംവാദം, പ്രവാസം കഥ പറയുമ്പോള്‍, കുട്ടികള്‍ക്കായി സ്നേഹ ജാലകം, വനിതകള്‍ക്കായി ഷീ പാര്‍ട്ടി തുടങ്ങിയ വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായിരുന്നു. സഹോദരങ്ങളുടെ അവശതകളില്‍ കൈത്താങ്ങു നല്‍കാനുള്ള ആശ്വാസനിധിക്കും സ്നേഹസംഗമങ്ങളോടെ തുടക്കം കുറിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം