യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കര്‍മരംഗത്തിറങ്ങുക: പി.കെ. കുഞ്ഞാലിക്കുട്ടി
Wednesday, May 4, 2016 5:45 AM IST
കോഴിക്കോട്: പ്രവാസികളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ച ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സൌദി കെഎംസി നാഷണല്‍ കമ്മിറ്റി കോഴിക്കോട് ലീഗ്ഹൌസില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന പ്രവാസി സമൂഹമാണു നമ്മുടെ സാമ്പത്തിക അടിത്തറ. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രവാസിസമൂഹം നേരിടുന്ന പുതിയ വെല്ലുവിളികള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കും. സമ്പൂര്‍ണ പൌരനായി പ്രവാസിയെ അംഗീകരിക്കാനും വോട്ടവകാശം സാധ്യമാക്കാനും യുഡിഎഫും മുസ്ലിംലീഗുമാണു ശ്രമിച്ചത്. അസംബ്ളി തെരഞ്ഞെടുപ്പില്‍ ആദ്യമായി പ്രവാസികള്‍ക്കു വോട്ടവകാശം ലഭിക്കുമ്പോള്‍ ഇതു പ്രതിഫലിക്കും. സ്വദേശിവത്കരണം മൂലം സൌദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു പ്രവാസികള്‍ തിരിച്ചു വരുന്നത് ഗൌരവത്തോടെ കാണണം. ഇക്കാര്യത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ യുഡിഎഫ് ശ്രമിച്ചു.

സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണികൂടി വന്നതോടെ കൂട്ടത്തോടെ പ്രവാസി മലയാളികള്‍ മടങ്ങുമ്പോള്‍ അവരെ പുനരധിവസിപ്പിക്കാനും സുരക്ഷിതത്വം നല്‍കാനും കഴിയണം. മുസ്ലിംലീഗിനും യുഡിഎഫിനും മാത്രമാണു പ്രവാസി സമൂഹത്തിന്റെ കാര്യത്തില്‍ ആത്മാര്‍ഥമായ സമീപനമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ട്രഷറര്‍ പി.കെ.കെ. ബാവ, മന്ത്രി ഡോ. എം.കെ മുനീര്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി, സെക്രട്ടറി എം.സി. മായിന്‍ഹാജി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ആശിഖ് ചെലവൂര്‍, കെഎംസിസി ഉപസമിതി ഭാരവാഹികളായ റഫീഖ് പാറക്കല്‍, സമദ് പട്ടനില്‍, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, സെക്രട്ടറി അലി മാനിപുരം എന്നിവര്‍ പ്രസംഗിച്ചു.

അബ്ദുറഹ്മാന്‍ പൊന്‍മള, പി.പി. മുഹമ്മദ്, അസീസ് ചേളാരി, കുഞ്ഞാലന്‍ക്കുട്ടി മോങ്ങം, എ.കെ. മുസ്തഫ, ഖാദര്‍ ചെങ്കള, മൊയ്തീന്‍കോയ കല്ലംമ്പാറ, മാലിക്ക് മക്ബൂല്‍ കുറ്റൂര്‍, പി.കെ. അലിഅക്ബര്‍, നാസര്‍ വെളിയംങ്കോട്, ഒ.പി. ഹബീബ് ബാലുശേരി, പി.കെ. ജാഫര്‍, എം.സി. കുഞ്ഞൂട്ടി കുണ്ടൂര്‍, സി.എ. ആലിക്കോയ, കെ.എ. അബൂബക്കര്‍ പയ്യാനക്കല്‍, റസാഖ് കൊടക്കാട്, അബ്ദുള്ള പാലേരി, അബ്ദുറഹ്മാന്‍ വെള്ളിമാടുക്കുന്ന്, കോയാമു നല്ലളം, ഉമ്മര്‍ മീഞ്ചന്ത, കെ.കെ. അശ്റഫ് പന്നൂര്‍, ബഷീര്‍ ഓതായി, ശമീര്‍ കുന്ദമംഗലം, ശരീഫ് പാലത്ത്, സിറാജ് ടി.പി. മട്ടന്നൂര്‍, ഫൈസല്‍ കൊടുമ, റാഫി കൂട്ടായി, മജീദ് പത്തപ്പിരിയം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍