കെഎച്ച്എന്‍എ യുവജന സംഗമത്തിനു നോര്‍ത്ത് കരോളിനയില്‍ മേയ് ഏഴിനു ശുഭാരംഭം
Tuesday, May 3, 2016 8:15 AM IST
നോര്‍ത്ത് കരോളിന: കെഎച്ച്എന്‍എ യുവജന സംഗമത്തിനു മേയ് ഏഴിനു തിരി തെളിയും. കെഎച്ച്എന്‍എ യുവ, കൈരളി സത് സംഗം ഓഫ് കരോളിനാസിന്റെ സഹകരണത്തോടെ ഒരുക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നു യുവ പ്രതിനിധികള്‍ എത്തി ചേരും.

ഡോ. എന്‍. ഗോപാലകൃഷ്ണന്‍ വിശിഷ്ടാഥിതിയായി മുഖ്യ പ്രഭാഷണം നടത്തുന്നതിനോടൊപ്പം അദ്ദേഹവുമായി മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യോത്തര പരിപാടിയും സവിശേഷതയായിരിക്കും. ഭാരതീയ വിചാരധാരകളെ അപഗ്രഥിക്കുന്നതിനൊപ്പം വിവിധ വിഷയങ്ങളില്‍ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കിട്ടുന്ന ഒരു അപൂര്‍വ അവസരത്തിനായി ഷാര്‍ലറ്റിലെ ഹിന്ദു സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സനാതന ചിന്താധാരകളെ ശാസ്ത്രീയമായി അപഗ്രഥിച്ചു സാധാരണകാര്‍ക്ക് മനസിലാകുന്ന വിധത്തില്‍ ലളിതമായി അവതരിപ്പിക്കുന്ന പ്രഭാഷണ ശൈലി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ അദ്ദേഹത്തെ സ്വീകാര്യനാക്കി.

ഭാരതീയ പൈതൃക മൂല്യങ്ങളില്‍ അടിയുറച്ച ജീവിത വീക്ഷണം മനുഷ്യ ജീവിതത്തില്‍ ഉണ്ടാക്കുന്ന പരിവര്‍ത്തനം ഡോ. എന്‍. ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിലെ മുഖ്യ വിഷയമാകും.

ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മനസ് ശരീരം ആരോഗ്യം എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. കെഎച്ച്എന്‍എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഉള്‍പ്പടെ കെഎച്ചഎന്‍എയുടെ വിവിധ പ്രതിനിധികള്‍ പങ്കെടുക്കും. കുട്ടികള്‍ക്കായി പ്രത്യേക ക്ളാസുകളും ഉണ്ടായിരിക്കും.

സിഎസ്ഐആര്‍ എന്ന ഭാരത സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആയി വിരമിച്ച അദ്ദേഹം ഭാരതത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെരിട്ടേജിന്റെ ഡയറക്ടര്‍കൂടിയാണു ഡോ. എന്‍. ഗോപാലകൃഷ്ണന്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം