ഫോമ ക്യാപിറ്റല്‍ റീജിയന്റെ സമ്പൂര്‍ണ പിന്തുണയുമായി തോമസ് ജോസ്
Tuesday, May 3, 2016 5:08 AM IST
ന്യൂയോര്‍ക്ക്: ഫോമ ക്യാപിറ്റല്‍ റീജിയനുകളിലെ സംഘടനകളായ കൈരളി ഓഫ് ബാള്‍ട്ടിമോര്‍, കേരളാ കള്‍ച്ചറല്‍ സൊസൈറ്റി, കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ എന്നീ സംഘടനകളുടെ സമ്പൂര്‍ണ പിന്തുണയുമായി തോമസ് ജോസ് (ജോസുകുട്ടി) ഫോമയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കടന്നുവരുന്നു.

മലയാളി സംഘടനകളുടെ കൂട്ടായ്മ എന്ന ആശയം ഉടലെടുത്ത നിമിഷം മുതല്‍ ഇന്നുവരെ അദ്ദേഹം അതിന്റെ ഭാഗഭാക്കായിരുന്നു. വളരെ ചുമതലയേറിയ സ്ഥാനങ്ങള്‍ വഹിക്കുകയും, പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തു. കറപുരളാത്ത പ്രവര്‍ത്തന പ്രാഗല്ഭ്യം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.

ക്യാപിറ്റല്‍ റീജിയനിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി കഴിഞ്ഞ 32-വര്‍ഷത്തിലേറെ കര്‍മ്മനിരതനാണ് ഇദ്ദേഹം. ഫോമയ്ക്ക് എക്കാലവും പ്രഗല്ഭ സാരഥികളെ നല്‍കിയ നാടാണ് ക്യാപ്പിറ്റല്‍ റീജിയന്‍. അടുത്ത ഭരണസമിതിയിലും തങ്ങളുടെ സേവനം ഉണ്ടാവണമെന്ന് ഇവിടുത്തെ മലയാളി സമൂഹം ആഗ്രഹിച്ചു. ആദ്യം നിര്‍ദേശിക്കപ്പെട്ട നാമഥേയം തോമസ് ജോസിന്റേതാണ്. എല്ലാവരും ഒരേസ്വരത്തില്‍ ഈ ഈവശ്യം നിരത്തിയപ്പോള്‍, സമീപകാലം വരെ ഫോമ ജുഡീഷല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന തനിക്ക് ഉടന്‍ മറ്റൊരു സ്ഥാനം ആവശ്യമില്ല എന്ന് അറിയിക്കുകയായിരുന്നു. പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഔദ്യോഗിക സ്ഥാനങ്ങളോ, സ്ഥാനങ്ങളുടെ വലിപ്പമോ വിഷയമല്ല എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. എങ്കിലും സ്നേഹനിര്‍ഭരമായ നിര്‍ബന്ധത്തിനു മുന്നില്‍ വിനീതനായി ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം തയാറാവുകയായിരുന്നു.

അതുകൊണ്ടുതന്നെ ക്യാപിറ്റല്‍ റീജിയന്‍ ശക്തമായ പിന്തുണയുമായി അദ്ദേഹത്തോടൊപ്പം നിലകൊള്ളുന്നു. ഫോമയ്ക്ക് പുതിയ തലങ്ങളൊരുക്കുവാന്‍ അദ്ദേഹത്തിന്റെ പ്രാപ്തിയും പരിചയവും, പ്രവര്‍ത്തനക്ഷമതയും, സ്വകാര്യ താത്പര്യങ്ങളില്ലാത്ത ലക്ഷ്യബോധവും മുതല്‍ക്കൂട്ടാവും എന്നതില്‍ രണ്ടുപക്ഷമില്ല. തോമസ് ജോസിനെ വിജയിപ്പിക്കണമെന്ന് സ്നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മോഹന്‍ മാവുങ്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം